പത്തനംതിട്ട : ശരിയായ ചികിത്സ നല്കിയില്ലെന്നാരോപിച്ച് പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടര്‍ വത്സലാ ജോണിനെതിരെ പരാതിയുമായി ചിറ്റാര്‍ വയ്യാറ്റുപുഴ സ്വദേശി. ഇത് സംബന്ധിച്ച പരാതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് നല്‍കി. ആറു വയസ്സുള്ള മകളെ വയറുവേദനയെ തുടര്‍ന്ന് ഡിസംബര്‍ 14 ന് സെന്റ് ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ശരിയായ രോഗനിര്‍ണ്ണയം നടത്താതെ ദിവസങ്ങളോളം ഇവിടെ ചികിത്സിച്ചെന്നും രോഗം മൂര്‍ശ്ചിച്ചതിനെത്തുടര്‍ന്ന് തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും വയ്യാറ്റുപുഴ കണ്ണങ്കര വീട്ടില്‍ സൂരജ് ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
14 ന് സെന്റ് ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ പരിശോധനകള്‍ നടത്തിയതിനുശേഷം യൂറിനറി ഇന്‍ഫക്ഷന്‍ ആണെന്ന് പറയുകയും കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദനക്ക് ശമനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് സ്കാനിംഗ് നടത്തണമെന്ന് കുട്ടിയുടെ പിതാവ് സൂരജ് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ ഇത് അവഗണിച്ചു. രോഗത്തിന് ശമനമൊന്നും ഇല്ലായിരുന്നിട്ടും ഡിസംബര്‍ 19 ന് കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുവാന്‍ ഡോക്ടര്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. തന്റെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് സ്കാനിംഗ് നടത്തി. എന്നാല്‍ സ്കാനിംഗ് റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിനെപ്പറ്റി തങ്ങളോട് ഒന്നും പറയാതെ അടിയന്തിര ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയയാക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.
ഡോക്ടറുടെ നടപടിയില്‍ സംശയം തോന്നിയതോടെ കുട്ടിയെ അവിടെനിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം അപ്പന്‍ഡീസ് ആണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ അത് പൊട്ടി ഗുരുതരമായ അവസ്ഥയില്‍ ആണെന്നും ഇന്‍ഫെക്ഷന്‍ ആയിക്കഴിഞ്ഞെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും സൂരജിന്റെ പരാതിയില്‍ പറയുന്നു
പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വത്സലാ ജോണിന്റെ അലംഭാവവും തെറ്റായ രോഗനിര്‍ണ്ണയവുമാണ് തന്റെ മകളുടെ ജീവന്‍പോലും അപകടത്തിലായ സാഹചര്യം ഉണ്ടാക്കിയതെന്ന് സൂരജ് പറയുന്നു. അതിനാല്‍ ഈ വിഷയം സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സൂരജ് ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രി അധികൃതരോ ഡോക്ടര്‍ വത്സലാ ജോണോ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/BhmkqjCZGzF3tWDTEAZrSU</