കോഴിക്കോട്: കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആദിത്യ ചന്ദ്രയുടെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി എസ്. ദര്‍വേഷ് സാഹിബിനു പരാതി. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരാണ് പരാതി നല്‍കിയത്.
കുറ്റ്യാടി പാറക്കല്‍ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ ആദിത്യ ചന്ദ്രയെ (22) ഈ മാസം 13നാണ് ദൂരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാവൂര്‍ സ്വദേശിയായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ആദിത്യയുമായി വിവിധ വാടക വീടുകളില്‍ ഒന്നര വര്‍ഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിന്റെയും സാമ്പത്തിക പ്രശ്‌നത്തിന്റെയും യുവാവിന്റെ ലഹരി ഉപയോഗത്തിന്റെയും പേരില്‍ നിരന്തരം വഴക്കിട്ടിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മൃതദേഹത്തിന്റെ വിശദ ദേഹപരിശോധനയ്ക്ക് കുടുംബാംഗങ്ങളെ സമ്മതിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതി പറയുന്നു. മരിക്കുന്നതിനു മുന്‍പ് ഇരുവരും കലഹിച്ചതും ശേഷം യുവാവിന്റെ മുഖത്തും ദേഹത്തും മുറിപ്പാടുകള്‍ കാണപ്പെട്ടതും ആദിത്യ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മറ്റും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.