മലപ്പുറം : എരമംഗലത്ത് ഉത്സവത്തിനിടെ സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു പോലീസുകാരനെ സ്ഥലം മാറ്റി. സിപിഐഎം പൊന്നാനി ഏരിയ കമ്മിറ്റി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പോലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പോലീസ് ഓഫിസര്‍ ജെ ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ ഏപ്രില്‍ രണ്ടിമായിരുന്നു സംഭവം. പുഴക്കര ഉത്സവത്തിനിടെ മറ്റൊരാളെ തിരക്കിയെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകളില്‍ കയറി കുട്ടികളെ ചോദ്യം ചെയ്യുകയും പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു. കുട്ടികളെ മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഎം പൊന്നാനി ഏരിയ കമ്മറ്റി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ തിരൂര്‍ ഡി വൈ എസ് പി അന്വേഷണം നടത്തി ജില്ലാ പോലീസ് മേധവിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.