തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ശ്രീകലയ്ക്ക് എതിരെയാണ് പരാതി. സ്വകാര്യ ക്ലിനിക്കിൽ പോയത് കൊണ്ട് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടർ പറഞ്ഞെന്ന് കുഞ്ഞിന്റെ അമ്മ. ഹരിജിത്ത്- അശ്വിനി ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. പനിയും ശ്വാസം മുട്ടിലിനെയും തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മാതാപിതാക്കൾ തമ്പാനൂർ പോലീസിൽ പരാതി നൽകി. ഇതിനു മുൻപും കുഞ്ഞിനെ ഇവിടെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു.
എന്നാൽ ഇന്നലെ ആശുപത്രിയിൽ കൊണ്ടു പോവുന്നതിനു മുൻപ് ഇതേ ആശുപത്രിയിലെ തന്നെ ഡോ. ശശികുമാർ നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ കാണിച്ചിരുന്നു. രാത്രി കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ക്ലിനിക്കിൽ നിന്ന് കിട്ടിയ മരുന്ന് കുറിപ്പുമായി ഇവർ സർക്കാർ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ചികിത്സിക്കാൻ തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. സ്വകാര്യ ക്ലിനിക്കിൽ പോയതിനാൽ ഇവിടെ ചികിത്സ നൽകാൻ കഴിയില്ലെന്നും വളരെ മോശമായാണ് ഡോക്ടർ പെരുമാറിയതെന്നും മാതാപിതാക്കൾ പറഞ്ഞു.