മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് 13-ാം വാർഡിലെ പുറ്റത്താനിക്ക് സമീപത്തെ കാട്ടോലി പാറയിലെ കുളത്തിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിൽ ലോറികളിലും ചെറുവാഹനങ്ങളിലുമായി എത്തിക്കുന്ന മാലിന്യമാണ് വെള്ളം മലിനമാക്കുന്നത്. ആശുപത്രി മാലിന്യങ്ങൾ, മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങൾ, ഹോട്ടൽ, ബേക്കറി മാലിന്യം, പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികൾ, ഇവയ്ക്കു പുറമെ കക്കൂസ് മാലിന്യവും തള്ളുന്നതായി പരാതിയുണ്ട്. അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി ആളുകൾ തുണിയലക്കാനും കുളിക്കാനും കുളത്തിനെ ആശ്രയിക്കുന്നു.
വളരെ ആഴത്തിലും വലിപ്പത്തിലുമുള്ള കുളമായതിനാൽ വേനൽകാലത്ത് പോലും ജലലഭ്യതയേറെയാണ്. വേനൽക്കാലത്ത് സമീപപ്രദേശങ്ങളിൽ നിന്ന് ആളുകൾ അലക്കുന്നതിനും കുളിക്കുന്നതിനും വെള്ളം ടാങ്കുകളിൽ ശേഖരിക്കുന്നതിനുമായി ഇവിടെയെത്താറുണ്ട്. അടുത്തിടെ വെള്ളത്തിന് ദുർഗന്ധമായതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മാലിന്യം തള്ളുന്നത് കണ്ടെത്താനായത്. കുളക്കരയിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്പടിക്കുന്നതും നാട്ടുകാർക്ക് ഭീഷണിയാകുന്നു. പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.