റാന്നി: ചെത്തോങ്കര അത്തിക്കയം റോഡിലെ അപകടക്കെണി നീക്കം ചെയ്യുന്നില്ലെന്നു പരാതി. കക്കുടുമൺ ജംഗ്ഷന് സമീപം പൊതുമരാമത്ത് റോഡിലേക്ക് ഇടിഞ്ഞു വീണു കിടക്കുന്ന കല്ലും മണ്ണുമാണ് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നത്. കനത്ത മഴയിൽ റോഡിലേക്ക് ഇടിഞ്ഞു വീണ കല്ലും മണ്ണും ആഴ്ചകൾ പിന്നിട്ടിട്ടും നീക്കം ചെയ്യാത്തത് മൂലം ഇരുചക്ര, കാർ വാഹന യാത്രക്കാർക്കും മറ്റും ഭീഷണി ഉയർത്തുന്നുണ്ട്. സ്ഥിരം അപകടങ്ങൾ നടക്കുന്ന കൊടും വളവിൽ പൊതുമരാമത്ത് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡിന് സമീപത്താണ് ഇത്തരത്തിൽ കല്ലും മണ്ണും റോഡിലേക്ക് ഇറങ്ങി കിടക്കുന്നത്.
അധികൃതർ ഇടപെട്ട് പറമ്പ് ഉടമയെ കൊണ്ടോ പാതയുടെ നവീകരണം നടത്തുന്ന കരാറുകാരെക്കൊണ്ടോ അപകടക്കെണി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ശബരിമല തീർത്ഥാടന വാഹനവും വാനും തമ്മിൽ കൂട്ടിടിക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടന വാഹനങ്ങൾക്ക് പാതയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതു മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം അപകടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.