കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളായ നെല്ലിക്കാപ്പാറ, കോട്ടാംപ്പാറ, കൊക്കാത്തോട് കല്ലേലി എന്നീ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആശ്വാസകരമായി സർവീസ് നടത്തിയിരുന്ന കോന്നി – കോട്ടാംപ്പാറ ബസ് സർവീസ് നിർത്തലാക്കുവാൻ ഡി റ്റി ഒ തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. നിലവിൽ അഞ്ച് സർവീസുകളിലായി മൂന്ന് ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. സ്വകാര്യ ബസ് ഉടമകളെ സഹായിക്കുവാൻ ആണ് നിലവിലുള്ള കെ എസ് ആർ റ്റി സി സർവീസുകൾ വെട്ടി കുറക്കുവാൻ ശ്രമം നടക്കുന്നത്. ഇതിൽ ദുരൂഹത ഉണ്ടെന്നും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആരോപിക്കുന്നു.
കൊക്കാത്തോട് ഭാഗത്തേക്ക് സഞ്ചരിക്കുന്ന സ്കൂൾ വിദ്യാർഥികളും നാട്ടുകാരും വിനോദ സഞ്ചാരികളും ഉൾപ്പെടെ ഉള്ളവർ ഈ ബസിനെ ആണ് ആശ്രയിക്കുന്നത്. ബസ് നിർത്തലാക്കുന്നത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബസ് നിർത്തലാക്കുവാൻ ഉള്ള തീരുമാനവുമായി കെ എസ് ആർ റ്റി സി മുന്നോട്ട് പോകുവാനാണ് തീരുമാനമെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. സംസ്ഥാന ഗതാഗത മന്ത്രിക്കും വിജിലൻസിനും വിഷയത്തിൽ പരാതി നൽകുമെന്നും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.