തിരുവനന്തപുരം : ആന്റണി രാജു ഗതാഗത മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് നിയമിച്ച ഏഴ് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടെന്ന് പരാതി. കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദ്ദേശിച്ചിട്ടുളള ഇമെയിൽ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജോലിയിൽ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് നോട്ടിസ് നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ മാനേജ്മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
മദ്ധ്യനിര മാനേജ്മെന്റ് ശക്തമാക്കണമെന്ന പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിതരായവരെയാണ് സേവനത്തിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. എച്ച്ആർ മാനേജർ ഷെജു, ഫിനാൻസ് ജനറൽ മാനേജർ ബീനാ ബീഗം, സിവിൽ വിഭാഗത്തിലെ രണ്ട് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്ന് ട്രെയ്നി ഉദ്യോഗസ്ഥർ എന്നിവരെയാണ് പിരിച്ചുവിട്ടത്.