പത്തനംതിട്ട : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെ യുഡിഎഫ് ചെയർമാൻ വർഗീസ് മാമ്മൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. കേരള സർക്കാർ സ്ഥാപനമായ കെ. ഡിസ്കിൻ്റെ നിരവധി ജീവനക്കാരെയും ഹരിതസേന, കുടുംബശ്രീ സംവിധാനത്തെയും ദുരുപയോഗം ചെയ്താണ് പ്രചാരണം നടത്തുന്നത്. കെ.ഡിസ്ക്കിൻ്റെ നിരവധി കൺസൾട്ടൻ്റുകൾ കുടുംബശ്രീ സംവിധാനം എന്നിവ ദുരുപയോഗപ്പെടുത്തി വീടുകൾ കയറി യുവാക്കൾക്ക് ജോലി നൽകുമെന്ന വ്യാജ വാഗ്ദാനം നൽകുകയാണ്. അമ്പതിനായിരം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനു വേണ്ടി വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. ഈ വിവരം തോമസ് ഐസക്ക് അദ്ദേഹത്തിൻറെ ഫേസ്ബുക്കിൽ പേജിൽ തന്നെ പറയുന്നുമുണ്ട്.
കുടുംബശ്രീ പൂർണ്ണമായും സർക്കാർ സഹായത്തിൻ്റെ ഭാഗമായി നടത്തുന്ന സംവിധാനമാണ്. കേന്ദ്രസർക്കാരിന്റെയും ഫണ്ട് കൊണ്ടാണ് അത് പ്രവർത്തിക്കുന്നത്. ഹരിത സേനയും കുടുംബശ്രീയും പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. തോമസ് ഐസക്ക് ജനുവരിയിൽ തിരുവല്ലയിൽ നടത്തിയ സെമിനാറിന്റെ ഭാഗമായി കേരള സർക്കാർ ചെലവിൽ 40 കെ. ഡിസ്ക്ക് പ്രവർത്തകരെ തൊഴിൽ സ്കിൽ വികസനം എന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും നിയമിക്കുകയും സോഷ്യൽ മാർക്കറ്റിംഗിനായി ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ പറയുന്നു. കെ.ഡിസ്ക്കിൻ്റെ പ്രവർത്തകർ അതാത് ബ്ലോക്ക് ഓഫീസിൽ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടവരാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമിക്കപ്പെട്ട യുവ കാൻസൽട്ടൻ്റുകൾ അതാത് ബ്ലോക്ക് ഓഫീസിൽ ഇരുന്ന് തോമസ് ഐസക്കിന് വേണ്ടി ഡേറ്റാബേസ് ഉണ്ടാക്കി അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരകരായി പ്രവർത്തിക്കുകയാണെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ എൽഡിഎഫ് അവസാനിപ്പിക്കണമെന്നും പരാതിയിൽ പറയുന്നു.