കൊച്ചി: അൽ ഫാം കഴിച്ച് മൂന്ന് പേർ ആശുപത്രിയിലായ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്കെതിരെ കേസ് എടുക്കാൻ കോടതി ഇടപെടൽ. ഡിസംബർ മുപ്പതിനാണ് മാധ്യമപ്രവർത്തകനും സംവിധായകനുമായ പോളി വടക്കനും 7 സുഹൃത്തുക്കളും പാലാരിവട്ടത്തുള്ള ജെ ബി ഫുഡ്കോർണറിലെത്തിയത്. 4 പേർ ബിരിയാണിയും 3 പേർ അൽഫാമുമാണ് കഴിച്ചത്. തുടർന്ന് ശർദ്ദിയും വയറുവേദനയും വന്നതിനെ തുടർന്ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായി കിഡ്നിയെ വരെ സാരമായി ബാധിച്ചു. പിന്നീട് ആരോഗ്യവകുപ്പിനെയും ഫുഡ് സേഫ്റ്റി വകുപ്പിനെയും കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അവർ കൈമലർത്തുകയായിരുന്നു.
പേരിന് അന്വേഷണം നടത്തി ചെറിയ പിഴ ഈടാക്കി നടപടി അവസാനിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ 1800 ഹോട്ടലുകളുണ്ടെന്നും വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ജോലിക്കുള്ളു എന്നുമായിരുന്നു ഫുഡ് സേഫ്റ്റി വകുപ്പിൻ്റെ പ്രതികരണം. കേസ് എടുക്കാൻ അധികാരമില്ലെന്ന് ആരോഗ്യ വകുപ്പും പറഞ്ഞു. പിന്നീട് പോലീസിൽ പരാതി നൽകിയെങ്കിലും അവർ ഒത്തുതീർപ്പ് ചർച്ചക്കാണ് ശ്രമിച്ചത്. ഇതേ തുടർന്നാണ് പോളി വടക്കൻ കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടർന്ന് ജെ.ബി ഫുഡ് കോർണർ ഉടമ അസ്കർ വിസിക്ക് എതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി.