റാന്നി: വൈദ്യുതി വകുപ്പിന്റെ റാന്നി നോര്‍ത്ത് സെക്ഷന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ പതിവായി വൈദ്യുതി മുടങ്ങുന്നതായി പരാതി. മാനത്ത് മഴക്കാറ് കാണുമ്പോഴേ ഇവിടെ വൈദ്യുതി ഒളിച്ചുകളി തുടങ്ങുന്നതായാണ് ആരോപണം. കഴിഞ്ഞ ദിവസം ചില മേഖലകളില്‍ ഉച്ചയോടെ പോയ വൈദ്യുതി എത്തിയത് രാത്രിയിലാണ്. രാത്രി കാലങ്ങളില്‍ മലയോര മേഖലയില്‍ വൈദ്യുതി എത്തിയാലും ഇടക്കിടെ ഇല്ലാതാകുമെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ടച്ചിംങ് വെട്ടിന്റെ പേരില്‍ ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ കഴിഞ്ഞവര്‍ ഇപ്പോള്‍ വേനല്‍ മഴ തുടങ്ങിയപ്പോള്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്.
ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി നവമാധ്യമ ഗ്രൂപ്പ് തുടങ്ങി പരാതികള്‍ ഉടനടി പരിഹരിച്ച് പ്രശംസ നേടിയ സെക്ഷനാണ് റാന്നി നോര്‍ത്ത്. എന്നാല്‍ ഇപ്പോള്‍ പരാതി പറയാന്‍ വിളിച്ചാല്‍ പോലും ആരും ഫോണെടുക്കുകയില്ലെന്നും ആരോപണമുണ്ട്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടിയാല്‍ തന്നെ അതു നേരെയാക്കണമെങ്കില്‍ ഒരുദിവസത്തില്‍ കൂടുതല്‍ എടുക്കും. പലപ്പോഴും വൈദ്യുതി ലൈനുകളില്‍ വീഴുന്ന മരങ്ങളുടെ കൊമ്പുകള്‍ നാട്ടുകാര്‍ തന്നെ വെട്ടി മാറ്റേണ്ട സ്ഥിതിയാണ്. അപ്രഖ്യാപിത വൈദ്യുതി മുടക്കത്തില്‍ ചെറുകിട സംരംഭകര്‍ക്ക് വന്‍ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. വൈദ്യുതി മുടക്കത്തിന് ശ്വാശത പരിഹാരം കാണാന്‍ റാന്നി നോര്‍ത്ത് കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ തയ്യാറാകണമെന്നാണ് നാട്ടുകരുടെ ആവശ്യം.