ന്യൂഡല്‍ഹി: നിയമ പാലനത്തില്‍ ഗുരുതര വീഴ്ചയെന്ന ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സിവില്‍ തര്‍ക്കങ്ങളില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്തെ നിയമ വാഴ്ച സമ്പൂര്‍ണമായി പരാജയപ്പെട്ടു. സിവില്‍ തര്‍ക്കങ്ങള്‍ പോലും പോലീസ് ക്രിമിനല്‍ കേസാക്കിമാറ്റുകയാണ് എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പിഴയീടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി യുപി പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. ‘ഉത്തര്‍പ്രദേശില്‍ ദിവസവും വിചിത്രവും ഞെട്ടിക്കുന്നതുമായ ചിലത് സംഭവിക്കുന്നു. സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളായി മാറ്റപ്പെടുന്നു. ഇത് അസംബന്ധമാണ്. പണം നല്‍കാത്തത് മാത്രം ക്രിമിനല്‍ കുറ്റമാക്കി മാറ്റാന്‍ കഴിയില്ല,’ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിവില്‍ തര്‍ക്കങ്ങളില്‍ പോലീസ് ഹൗസ് ഓഫീസര്‍മാര്‍ക്ക് കേസെടുക്കാന്‍ കഴിയില്ല. കോടതിക്ക് മുമ്പാകെയുള്ള കേസില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലായിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എങ്ങനെ ക്രിമിനല്‍ നിയമ പ്രകാരം നടപടി സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചയ്ക്കം സത്യവാങ്ങ് മൂലം സമര്‍പ്പിക്കണം. എന്നും കോടതി വ്യക്തമാക്കി.
‘ഉത്തര്‍ പ്രദേശിലെ അഭിഭാഷകര്‍ സിവില്‍ നിയമത്തിലെ അധികാര പരിധികള്‍ വിസ്മരിക്കുകയാണെന്ന് തോന്നുന്നു. വിഷയത്തില്‍ വേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്തി ക്രിമിനല്‍ കേസ് എടുക്കേണ്ട സാഹചര്യങ്ങളെ കുറിച്ച് പഠിപ്പിക്കും.’ ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട രീതി ഇത്തരത്തില്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ സമയമെടുക്കുന്നതിനാലാണ് ക്രിമിനല്‍ കേസുകള്‍ എടുക്കേണ്ടി വരുന്നത് എന്ന അഭിഭാഷകന്റെ വാദത്തോടായിരുന്നു പ്രതികരണം.
വ്യവസായി ദീപക് ബെഹാലുമായുള്ള പണമിടപാട് തര്‍ക്കത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് അലഹബാദ് ഹൈക്കോടതി റദ്ദാക്കാന്‍ വിസമ്മതിച്ചതിനെതിരെ പ്രതികളായ ദേബു സിംഗ്, ദീപക് സിംഗ് എന്നിവര്‍ അഭിഭാഷകനായ ചന്ദ് ഖുറേഷി മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവര്‍ പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട് നോയിഡയിലെ വിചാരണ കോടതിയില്‍ ഹര്‍ജിക്കാര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഐപിസിയിലെ സെക്ഷന്‍ 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമായിരുന്നു ഇവര്‍ക്കെതിരായ കേസുകള്‍. എന്നാല്‍ പ്രതികള്‍ക്കെതിരായ വണ്ടിച്ചെക്ക് കേസ് നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.