പത്തനംതിട്ട : അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും മലയോര ജനതയെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസ്സന്‍ പറഞ്ഞു. ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെ യു.ഡി.എഫ് നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന നടത്തുന്ന മലയോര സമര യാത്രയുടെ ജില്ലയിലെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി, കിടങ്ങ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ ചിലവഴിക്കാതെ ലാപ്സ് ആക്കിയ സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പടുന്നവരുടെ കുടുംബാംഗങ്ങളുടെ വേദന കാണാതെയും കൃഷിനാശം മൂലം ദുരിതത്തിലാകുന്ന കര്‍ഷകരുടെ രോദനം മനസ്സിലാക്കാതെയും സാഡിസ്റ്റ് മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് എം.എം. ഹസ്സന്‍ പറഞ്ഞു. യു.ഡി.എഫ് പ്രഖ്യാപിച്ച മലയോര സമരജാഥയില്‍ ജനവികാരം സര്‍ക്കാരിനെതിരാകുമെന്ന് മനസ്സിലാക്കിയാണ് വന നിയമ ഭേദഗതിക്കായി വാശിപിടിച്ച മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും അത് പിന്‍വലിക്കുവാന്‍ തയ്യാറായതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഫെബ്രുവരി 4 ന് മൂന്ന് മണിക്ക് മലയോര മേഖലയായ കോന്നി നിയോജകമണ്ഡലത്തിലെ ചിറ്റാറില്‍ എത്തുന്ന മലയോര സമര ജാഥ സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധ ശബ്ദമായി മാറുമെന്നും എം.എം. ഹസ്സന്‍ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ. പി.ജെ. കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി എക്സ്. എം.എല്‍.എ, നേതാക്കളായ ടി.എം ഹമീദ്, സമദ് മേപ്രത്ത്, സനോജ് മേമന, ജോണ്‍ .കെ മാത്യൂസ്, തോമസ് ജോസഫ്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, മലയാലപ്പുഴ ശ്രീകോമളന്‍, തങ്കമ്മ രാജന്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, കുഞ്ഞുകോശി പോള്‍, എ. സുരേഷ് കുമാര്‍, ജോണ്‍സണ്‍ വിളവിനാല്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ. കെ. ജയവര്‍മ്മ, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, തോപ്പില്‍ ഗോപകുമാര്‍, രജനി പ്രദീപ്, റോബിന്‍ പീറ്റര്‍, പഴകുളം ശിവദാസന്‍, ലാലു തോമസ്, എസ്. സന്തോഷ് കുമാര്‍, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, കാട്ടൂര്‍ അബ്ദുള്‍സലാം, എസ്.വി. പ്രസന്നകുമാര്‍, എസ്. ബിനു, ജാസിംകുട്ടി എന്നിവര്‍ പ്രസംഗിച്ചു. മലയോര സമരജാഥയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ചെയര്‍മാനായും അഡ്വ. വര്‍ഗീസ് മാമ്മന്‍, എ. ഷംസുദ്ദീന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. സമരജാഥയുടെ ജില്ലയിലെ സ്വീകരണ സ്ഥലമായ ചിറ്റാറില്‍ ഉള്‍പ്പെടെ അഞ്ച് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ സ്വാഗതസംഘങ്ങള്‍ രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.