തിരുവനന്തപുരം: സംസ്ഥാനം നാളെ മുതല്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേയ്ക്ക്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്‍പത് ദിവസത്തെ ലോക്ഡൗണ്‍ നാളെ തുടങ്ങും. പച്ചക്കറി, പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 7.30 വരെ തുറക്കാം. കെഎസ്ആര്‍ടിസി, ബസ്, ടാക്‌സികള്‍ അടക്കം പൊതുഗതാഗതം ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ആശുപത്രി, വാക്‌സിനേഷന്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്.
എന്നാല്‍ ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക് വര്‍ക്ക് ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.
അതോടൊപ്പം നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ പൊതുനിരത്തുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട് . മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു തരത്തിലുമുള്ള ലംഘനവും അനുവദിക്കില്ല. രണ്ട് മീറ്റര്‍ അകലം പാലിക്കാതെയും, സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ കടയുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തിക്കും തിരക്കും ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ പോലീസ് പരിശോധനകളും പട്രോളിങും ശക്തമാക്കും.
വിശ്വാസികള്‍ക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്‌സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അവശ്യ സര്‍വ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ആശുപത്രി, വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്‌നിഷ്യന്‍സിനാണ് അനുമതി.
രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവില്‍ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍. രണ്ടാം തരംഗത്തില്‍ 41, 000ല്‍ അധികം രോഗികളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.