പത്തനംതിട്ട : വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ്.ആന്‍ഡ് വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നിടത്താണ് വിദ്യാര്‍ഥി ജീവിതം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് പൂര്‍ണ അധ്യയന വര്‍ഷത്തിനു തുടക്കം കുറിക്കുന്നത്. നിലവില്‍ കോവിഡിന്റെ സാഹചര്യം പൂര്‍ണമായും നാം തരണം ചെയ്തിട്ടില്ല. അതിനാല്‍ സ്‌കൂള്‍ തുറക്കുമ്പോഴും നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും നിലനില്‍ക്കും. ലോകത്ത് പല സ്ഥലങ്ങളിലും വിദ്യാഭ്യാസം ലഭിക്കാത്ത അനേകം ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ 100 ശതമാനം വിദ്യാഭ്യാസം നല്‍കുവാന്‍ കേരളത്തിന് കഴിയുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
അഞ്ചാം ക്ലാസില്‍ അഞ്ചു ഡിവിഷനുകളിലായി 129 കുട്ടികളാണ് നവാഗതരായി ഇവിടെ എത്തിയത്. കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം കളക്ടര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, വാര്‍ഡ് അംഗം രമാ സുരേഷ്, പ്രിന്‍സിപ്പല്‍ എം.സക്കീന, എസ്.ലാലി, പ്രഥമാധ്യാപന്‍ എ.പ്രശാന്ത്, വിദ്യാര്‍ത്ഥി പ്രതിനിധി വി.നിരഞ്ജന്‍, കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.