തിരൂർ : കാഴ്‌ചപരിമിതനായ യുവാവിന് നഗരസഭ സൗജന്യമായി നൽകിയ കംപ്യൂട്ടർ ഒന്നരവർഷത്തിനുള്ളിൽ കേടായെന്നും വീണ്ടും ആവശ്യപ്പെട്ടിട്ട് പുതിയതുനൽകാൻ തയ്യാറായില്ലെന്നും പരാതിപ്പെട്ട് മഞ്ചേരി സ്വദേശി റിജോയ് മനുഷ്യാവകാശ കമ്മിഷനു മുന്നിലെത്തി. തിരൂർ സർക്കാർ വിശ്രമമന്ദിരത്തിൽ നടന്ന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ സിറ്റിങ്ങിലാണ് കലാകാരൻകൂടിയായ കണിക്കുന്നുമ്മൽ റിജോയ് എത്തിയത്.
2014-ലാണ് റിജോയിക്ക് മഞ്ചേരി നഗരസഭ കംപ്യൂട്ടർ നൽകിയത്. ഒന്നരവർഷത്തിനുള്ളിൽ ഇതു കേടായി. പലതവണ സ്വന്തംചെലവിൽ നന്നാക്കിയെന്നും എന്നാൽ 2021 ൽ പുതിയൊരു കംപ്യൂട്ടർ ലഭിക്കാൻ നഗരസഭയെ സമീപിച്ചെങ്കിലും പരിഗണിക്കുന്നതിനുപകരം പരിഹസിച്ചുവെന്നുമാണ് പരാതി. ഈ പരാതിയിൽ നഗരസഭാസെക്രട്ടറിയോട് കമ്മിഷന്റെ അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ കമ്മിഷൻ അംഗം ഉത്തരവിട്ടു.
എന്നാൽ ഒരിക്കൽ ആനുകൂല്യം ലഭിച്ചതിനാൽ മാനദണ്ഡങ്ങളും മുൻഗണനാക്രമവും പരിഗണിച്ചേ നൽകാൻ കഴിയുകയുള്ളൂവെന്നും വാർഡുസഭ വഴി മാനദണ്ഡമനുസരിച്ച് ഇദ്ദേഹത്തിന്റെ അപേക്ഷ ലഭിച്ചതായി കാണുന്നില്ലെന്നും മഞ്ചേരി നഗരസഭാ സെക്രട്ടറി പി.സതീഷ്‌കുമാർ പറഞ്ഞു.
സിറ്റിങ്ങിൽ 40 പരാതികളാണ് കമ്മിഷൻ അംഗം മുൻപാകെ മുൻകൂട്ടി ലഭിച്ചത്. ഇതിൽ 17 എണ്ണം പരിഗണിച്ചു. നാലെണ്ണത്തിൽ തീർപ്പുകൽപ്പിച്ചു. വാക്‌സിനേഷൻ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് പുതിയൊരു പരാതിയും ലഭിച്ചിരുന്നു. കമ്മിഷന്റെ തിരൂരിലെ അടുത്ത സിറ്റിങ് ഈമാസം 24 ന് നടക്കും.