പത്തനംതിട്ട : ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ അപ്രായോഗികമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷെയ്ഖ് നജീർ പറഞ്ഞു. മാർച്ച് ഒന്നു മുതൽ ഈ തീരുമാനം നടപ്പിലാക്കണമെന്ന പ്രഖ്യാപനത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ആശങ്കയിലാണ്. പത്തനംതിട്ട പോലെയുള്ള മലയോര ജില്ലകളിൽ ഫെയർ മീറ്റർ പ്രകാരം സർവീസ് നടത്തുകയെന്നത് ഓട്ടോറിക്ഷ തൊഴിലാളികളെ വലിയ രീതിയിൽ ബാധിക്കും. നഗരപരിധികളിൽ ഫെയർ മീറ്റർ സംവിധാനം ഏറെ ഗുണകരമാണെങ്കിലും മലയോര മേഖലകളിൽ പ്രായോഗികമല്ല.
റോഡുകളുടെ നിലവാര തകർച്ചയും ചെങ്കുത്തായ പാതകളുമൊക്കെ അമിതമായ ഇന്ധന നഷ്ടം ഉണ്ടാക്കുമെന്നതിനാൽ മലയോര മേഖലയിൽ ഈ തീരുമാനം പുന:പരിശോധിക്കേണ്ടതുണ്ട്. ഫെയർ മീറ്റർ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രയെന്ന തീരുമാനം ഓട്ടോ തൊഴിലാളികളെ ഈ മേഖലയിൽ നിന്നും പിന്തിരിപ്പിക്കാനും കാരണമാകും. അതുവഴി നിരവധി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്ത് അപ്രായോഗികമായ തീരുമാനം പിൻവലിക്കുകയും തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ മോട്ടോർ വാഹന വകുപ്പും സർക്കാരും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.