കോഴിക്കോട് : കുരുവട്ടൂർ പഞ്ചായത്തിലെ പോലൂരിൽ ഭൂമിക്കടിയിൽ അനുഭവപ്പെട്ട മുഴക്കം അടിസ്ഥാനശിലകളിലെ മർദവ്യതിയാനം മൂലമാവാമെന്ന് വിദഗ്ധസംഘത്തിന്റെ പ്രാഥമിക നിഗമനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്ഥലത്തെത്തി പരിശോധനനടത്തിയശേഷമാണ് നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
കുഴലീകൃത മണ്ണൊലിപ്പിന് (സോയിൽ പൈപ്പിങ്) സാധ്യതയുള്ള പ്രദേശമാണെങ്കിലും അതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിന്റെ സാധ്യത പൂർണമായും അറിയാൻ ജിയോഫിസിക്കൽ സർവേ നടത്താൻ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. സെസിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രിക്കൽ റസ്റ്റിവിറ്റി സർവേയാണ് നിർദേശിച്ചിരിക്കുന്നത്.
ഭൂമിക്കുള്ളിലെ അടിസ്ഥാനശിലകളിലെ മർദവ്യതിയാനം കാരണമാകാം ശബ്ദം അനുഭവപ്പെടുന്നതെന്ന് ഉന്നതസംഘത്തെ നയിച്ച കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ഡോ. ജി. ശങ്കർ അഭിപ്രായപ്പെട്ടു. മുഴക്കം അനുഭവപ്പെട്ട പോലൂരിലെ വീട്ടിലും പരിസരത്തും കുന്നിന്റെ ചെരിവിലും വയലിലും സംഘം പരിശോധന നടത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ഹസാർഡ് അനലിസ്റ്റ് (ജിയോളജി) ആർ.എസ്. അജിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മൂന്നുസാധ്യതകളാണ് മുഴക്കത്തിനുകാരണമായി സംഘം പരിഗണിച്ചത്. ഭൂമിക്കടിയിലെ അടിസ്ഥാനശിലകളിലെ മർദവ്യതിയാനം, കുഴലീകൃതമണ്ണൊലിപ്പ്, ഖനനം എന്നിവയാണവ. ഇതിൽ ആദ്യത്തേതിനാണ് കൂടുതൽ സാധ്യതയെന്നാണ് പ്രാഥമികനിഗമനം. നിഗമനങ്ങൾ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ എൻ. റംലയുമായി പങ്കുവെക്കുകയും ചെയ്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും തുടർനടപടികൾ.
രണ്ടാഴ്ചയോളമായി പോലൂർ തെക്കെമാരാത്ത് ടി.എം. ബിജുവിന്റെ വീട്ടിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടുതുടങ്ങിയിട്ട്. മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതിനെത്തുടർന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉന്നതസംഘം സ്ഥലത്തെത്തിയത്. അതിനിടെ വിദഗ്ധസംഘം സന്ദർശിച്ചുമടങ്ങിയശേഷം വൈകിട്ടോടെ വീടിനകത്ത് വലിയ മുഴക്കം അനുഭവപ്പെടുകയും ചുമരിലുണ്ടായിരുന്ന നേർത്ത വിള്ളൽ വികസിക്കുകയും ചെയ്തത് വീട്ടുകാരെ വീണ്ടും ആശങ്കയിലാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ ജിയോഫിസിക്കൽ സർവേ പൂർത്തിയാകുംവരെ വീട്ടിൽനിന്ന് മാറിനിൽക്കാൻ കുടുംബത്തോട് നിർദേശിച്ചിട്ടുണ്ടെന്ന് ഡോ. ജി. ശങ്കർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വീണ്ടും സ്ഥലം സന്ദർശിക്കും. ചുമരിന് മാത്രമാണോ വീടിനാകെ അപകടമുണ്ടോ എന്ന കാര്യം പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.