മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം നീക്കുന്നതിനായി ഇളക്കിയിട്ട കോൺക്രീറ്റ് സ്ലാബ് അപകടക്കെണിയൊരുക്കുന്നു. ഒന്നരവർഷം മുൻപുണ്ടായ കനത്തമഴയിൽ കോട്ടത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ട് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും തോടിന്റെ കരയിലുള്ള ഒട്ടേറെ വീടുകളിലും വെള്ളം കയറിയിരുന്നു. കോട്ടത്തോട്ടിൽ മിച്ചൽ ജംഗ്ഷനിലെ സ്ലാബിനടിയിലുള്ള കേബിളുകളിലും മറ്റും മാലിന്യം തടഞ്ഞുനിന്നാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമുണ്ടായത്. വിവരമറിഞ്ഞ് എത്തിയ ജനപ്രതിനിധികൾ മുൻകൈയെടുത്ത് അന്ന് തട്ടാരമ്പലം-പന്തളം റോഡ് നവീകരണം നടത്തിയിരുന്ന സ്വകാര്യ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം എത്തിച്ച് ജംഗ്ഷനില്‍ തോടിന് മുകളിലെ സ്ലാബുകൾ നീക്കം ചെയ്യിച്ചു.
തുടർന്ന് നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാർ ഈ ഭാഗത്തുകൂടി തോട്ടിലെ മാലിന്യം നീക്കംചെയ്തശേഷമാണ് വെളളം ഒഴുകിമാറി നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞത്. സംഭവംനടന്ന് ഇത്രയും നാളായിട്ടും അന്ന് ജംഗ്ഷന് തെക്കും വടക്കും തോടിന് മുകളിൽനിന്നു നീക്കംചെയ്ത സ്ലാബുകൾ ഇപ്പോഴും റോഡരികിൽത്തന്നെ കിടക്കുകയാണ്. സ്ലാബ് മാറ്റിയഭാഗത്ത് തോടിന്റെ മുകൾഭാഗം തുറന്ന നിലയിലുമാണ്. നേരത്തേ അപകടസൂചന നൽകുന്നതിനു രണ്ട് വീപ്പകൾ വെച്ച് ചുവന്ന റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ സ്ലാബിനിരുവശവും വീപ്പകൾ മാത്രമുണ്ട്. ഇളക്കിമാറ്റിയ സ്ലാബ് പുനഃസ്ഥാപിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണോ മൈനർ ഇറിഗേഷനാണോ നഗരസഭയാണോ എന്ന തർക്കമാണ് അവശേഷിക്കുന്നത്.