കായംകുളം : വിവാഹ വാർഷികാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പുതുപ്പള്ളി തെക്ക് സ്നേഹജാലകം കോളനിയിൽ ജോമോനെ(24)യാണു സംഭവസ്ഥലത്തുനിന്ന് പോലീസ് പിടികൂടിയത്. പുതുപ്പള്ളി മഠത്തിൽ വീട്ടിൽ ഹരികൃഷ്ണനാണ് (30) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30-ന് സ്നേഹജാലകം കോളനിയിലുള്ള ജോമോന്റെ ഭാര്യാവീട്ടിലാണു സംഭവം.
വെള്ളിയാഴ്ച ജോമോന്റെ ഒന്നാം വിവാഹവാർഷികമായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ജോമോൻ ഭാര്യാമാതാവ് സമിതാ ജോസിനെ മർദിച്ചതു ഹരികൃഷ്ണൻ ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ജോമോൻ കത്തിയെടുത്ത് ഹരികൃഷ്ണന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഹരികൃഷ്ണനെ പോലീസ് കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോമോനെ ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. മദ്യലഹരിയിൽ പെട്ടെന്നുള്ള പ്രകോപനമാണു കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാലകൃഷ്ണപിള്ളയാണ് ഹരികൃഷ്ണന്റെ അച്ഛൻ. അമ്മ: ചന്ദ്രിക. സഹോദരി: ശ്രീജ.