അഹമ്മദാബാദ് : ഹിന്ദുത്വരാഷ്ട്രീയം ശക്തമായ ഗുജറാത്തില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ ബി.ജെ.പി. രാഷ്ട്രീയ നേട്ടമാക്കി മാറ്റുന്നത് തടയാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും എ.എ.പി.യും ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടക്കുന്ന രാമക്ഷേത്രങ്ങളിലെ പൂജയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എ.എ.പി. രാമായണപാരായണവും പൂജകളുമായി മൂന്നുദിവസത്തെ പരിപാടികള്‍ നടത്തും. സംസ്ഥാനത്ത് പ്രാചീനവും അവഗണിക്കപ്പെട്ടതുമായ അനേകം രാമക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളില്‍ പൂജയും ആരതിയും നടത്താന്‍ ജില്ലാ, താലൂക്ക് ഘടകങ്ങള്‍ക്ക് ജി.പി.സി.സി. നിര്‍ദേശം നല്‍കി.
ഇത്തരം ക്ഷേത്രങ്ങള്‍ സജീവമാക്കുന്നത് ധാര്‍മികകടമയായി ഏറ്റെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. “ബി.ജെ.പിയും ആര്‍.എസ്.എസും ശ്രീരാമനെ രാഷ്ട്രീയ നേട്ടത്തിനായി അവരുടേത് മാത്രമാക്കാനാണ് നോക്കുന്നത്. അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാത്തതിന് അവര്‍ കോണ്‍ഗ്രസ്‌വിരുദ്ധ പ്രചാരണം നടത്തുകയാണ്. ചടങ്ങില്‍ പങ്കെടുക്കാത്ത ശങ്കരാചാര്യന്മാരും കോണ്‍ഗ്രസുകാരാണോ? ഗുജറാത്തിലെ ഈ ക്ഷേത്രങ്ങളില്‍ ജനുവരി 22 കഴിഞ്ഞും പൂജ നടത്താന്‍ ഞങ്ങളുണ്ടാകും.” -കോണ്‍ഗ്രസ് വക്താവ് അമിത് നായക് വ്യക്തമാക്കി.