ന്യൂഡൽഹി : കോവിഡിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസും ശിരോമണി അകാലിദളും. രണ്ട് സഭകളിലെയും എംപിമാരെയാണ് യോഗത്തിലേക്കായി പ്രധാനമന്ത്രി വിളിച്ചിരുന്നത്. കോവിഡ് വിഷയം സഭയ്ക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടതെന്ന നിലപാടിലാണ് കോൺഗ്രസ്.
കോവിഡുമായി ബന്ധപ്പെട്ട യോഗം നടത്താൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇരു സഭകളിലേയും അംഗങ്ങൾക്കായി പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് നടത്തേണ്ടത്. തങ്ങളുടെ നിയോജകമണ്ഡലത്തിലെ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനായി ഓരോ എംപിമാർക്ക് അവസരവും നൽകണം – കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
കർഷകരും കേന്ദ്രവും തമ്മിലുളള പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്തതിന്റെ പശ്ചാത്തലത്തിലാണ് ശിരോമണി അകാലിദൾ യോഗം ബഹിഷ്കരിച്ചിരിക്കുന്നത്. കർഷക പ്രശ്നം ചർച്ചചെയ്യുന്നതിനായി യോഗം വിളിച്ചതിന് ശേഷം മാത്രമേ മറ്റ് യോഗത്തിൽ പങ്കെടുക്കൂവെന്നാണ് അകാലിദളിന്റെ നിലപാടെന്ന് പാർട്ടി അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ പറഞ്ഞു