ഏഴംകുളം : ഗ്രാമപ്പഞ്ചായത്തിൽ പൂർത്തിയാകാത്ത ജൽജീവൻ പദ്ധതിയുടെ പേരിൽ 30 പേർക്ക് ബില്ല് നല്കി. ബിൽ തുക ഈടാക്കാൻ ശ്രമിച്ചതിനെതിരേയും പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ നന്നാക്കാത്തതിലും പ്രതിഷേധിച്ച് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലഅതോറിറ്റി പ്രോജക്ട് വിഭാഗം ഓഫീസ് ഉപരോധിച്ചു. പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പ്രദീപുമായി പ്രതിഷേധക്കാർ വിഷയം ചർച്ചചെയ്തു. ബില്ല് നല്കാനിടയായതിലെ സാങ്കേതികപിഴവ് ഉദ്യോഗസ്ഥർ അംഗീകരിച്ചു. അത്തരം ബില്ലുകൾ റദ്ദുചെയ്യാമെന്ന് ഉറപ്പുനല്കി.
പൊളിച്ചിട്ട റോഡുകൾ നന്നാക്കും. ഇതിന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരാറുകാരനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിക്കാമെന്നും ഉറപ്പുലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പാർലമെന്ററി പാർട്ടി നേതാവ് ഇ.എ. ലത്തീഫ് ഉപരോധത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി ബാലകൃഷ്ണൻ, സുരേഷ് ബാബു, ശാന്തി കെ.കുട്ടൻ, സി.സദാനന്ദൻ, കോൺഗ്രസ് അംഗങ്ങളായ ജെയിംസ് കക്കാട്ടുവിള, സോമൻനായർ, ജോബോയ് ജോസഫ്, ജയകൃഷ്ണൻ പള്ളിക്കൽ തുടങ്ങിയവരും പങ്കെടുത്തു.