തിരുവനന്തപുരം : കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയെക്കുറിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ചനടത്തും. ഏതെങ്കിലും കാരണവശാൻ ഒമ്പതിന് ധാരണയിലെത്താനായില്ലെങ്കിൽ പത്തിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീൽ പറഞ്ഞു. 92 സീറ്റിൽവരെ മത്സരിക്കാനാണ് കോൺഗ്രസിലെ ധാരണ. അമ്പതുമുതൽ 60 ശതമാനംവരെ പുതുമുഖങ്ങളാകും.
സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യമുണ്ടാകും. വിജയസാധ്യത മാത്രമാണ് മാനദണ്ഡം. രണ്ടുദിവസമായി സംസ്ഥാന നേതാക്കളടക്കമുള്ളവരുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തിയാണ് സാധ്യതാപട്ടിക തയ്യാറാക്കിയത്. മിക്ക മണ്ഡലങ്ങളിലും രണ്ടുമുതൽ അഞ്ചുപേരുടെവരെ പട്ടിക തയ്യാറാക്കി. ഉന്നതനേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ അവർ മാത്രമാണുണ്ടാവുക. ചില മണ്ഡലങ്ങളിൽ മത്സരസന്നദ്ധരായി 20 അപേക്ഷകർവരെയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.