പാലക്കാട് : പാലക്കാട് മതേരത്വവും വര്‍ഗീയതയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടുള്ള മനുഷ്യരുടെ ഹൃദയത്തില്‍ മതേതരത്വത്തിനെ സ്ഥാനമുള്ളുവെന്നും അതുകൊണ്ട് വിജയിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തി മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് പ്രചരണത്തിനിറങ്ങുമെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും തുടങ്ങിയത് ഉമ്മന്‍ചാണ്ടി സാറില്‍ നിന്നാണ്. രാവിലെ പുതുപ്പള്ളിയില്‍ പോയി അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പോകണമെന്നായിരുന്നു ആലോചിച്ചത്.
അദ്ദേഹത്തിന്റെ മകനും പുതുപ്പള്ളി എംഎല്‍എയുമായി ചാണ്ടി ഉമ്മനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഡല്‍ഹിയിലുണ്ടായിരുന്നു. അദ്ദേഹം കൂടി വന്നിട്ട് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. ഉമ്മന്‍ ചാണ്ടി സാറിനെ പോലെ ജീവിതത്തില്‍ ഒരുപാട് ഇടപെടല്‍ നടത്തിയ ആളാണ് എ കെ ആന്റണി സാര്‍. ആന്റണി സാറെ കാണാന്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. ആന്റണി സാറിന്റെ അനുഗ്രഹം നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് പോകുകയാണ്. മറ്റ് മുതിര്‍ന്ന നേതാക്കന്മാരെ അവിടെ കാണുന്നുണ്ട്.
അതിനിടയില്‍ ഫോണ്‍ കോളുകളിലൂടെ പാലക്കാടുകാരുമായി കണക്ടാനുള്ള ശ്രമം നടത്തുന്നുണ്ട്. പാലക്കാട് മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. പാലക്കാട്ടെ മനുഷ്യന്മാര്‍ വളരെ ആര്‍ദ്രതയുള്ളവരാണ്. അവരുടെ ഹൃദയത്തില്‍ മതേതരത്വത്തിന് മാത്രമേ പ്രസക്തിയുള്ളു. കേരളത്തിലെ പൊതുവായ പശ്ചാത്തലത്തില്‍ മതേതരത്വം എപ്പോഴൊക്കെ മത്സരത്തിനിറങ്ങുന്നുവോ അപ്പോഴൊക്കെ മതേരത്വത്തെ ചേര്‍ത്തുപിടിച്ച മണ്ണാണ് കേരളത്തിന്റേത്. അതിന്റെയൊരു ആത്മവിശ്വാസം പാലക്കാട്ടേക്ക് പോകുമ്പോഴുമുണ്ട്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ത്താന്‍ സാധിക്കുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ട് പോലും പാലക്കാടന്‍ ജനത മതേതരത്വത്തിനൊപ്പമാണ് നിന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.