പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടതല്‍ ശക്തിപ്രാപിച്ച് അധികാരത്തില്‍ തിരികെയെത്തേണ്ടത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് എ.ഐ.സി.സി സെക്രട്ടറി വി.കെ അറിവഴകന്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ ചേര്‍ന്ന ജില്ലയിലെ കോണ്‍ഗ്രസ് പോഷക സംഘടനകളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യം, മതേതരത്വം, ഭരണഘടന സംവിധാനങ്ങള്‍ എന്നിവ അട്ടിമറിച്ച് സംഘപരിവാറിന്‍റെ വര്‍ഗ്ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുവാന്‍ തീവ്രമായ പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടനാ ശില്‍പിയുമായ ഡോ. ബി.ആര്‍. അംബേദ്കറെ പാര്‍ലമെന്‍റിനകത്തുപോലും അവഹേളിക്കുന്ന ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഐ.എ.സി.സി സെക്രട്ടറി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ഇല്ലാതാക്കാമെന്നത് ബി.ജെ.പി യുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, റോജിപോള്‍ ദാനിയേല്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, തട്ടയില്‍ ഹരികുമാര്‍, വിജയ് ഇന്ദുചൂഡന്‍, എ.കെ. ലാലു, ടി.എച്ച്. സിറാജുദ്ദീന്‍, അലന്‍ ജിയോ മൈക്കിള്‍, ശ്യം. എസ്. കോന്നി, എ.ഡി. ജോണ്‍, ബാബു മാമ്പറ്റ, മാത്യു പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.