തിരുവനന്തപുരം : രാജ്യത്ത് ഭരണപക്ഷത്തിരിക്കാനാണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.പി.എം പ്രതിപക്ഷത്തിരിക്കാനാണ് മത്സരിക്കുന്നത്. നിരവധി സീറ്റുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ഇടതമുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത്. അങ്ങനെയെങ്കിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത് പോകും. ജയരാജൻ എൽ.ഡി.എഫ് കൺവീനറാണോ എൻ.ഡി.എ ചെയർമാനാണോ എന്നാണ് സംശയമെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിന് വിജയിക്കും. ഒരു കണക്ക് കൂട്ടലുകളും പിഴയ്ക്കില്ല. ഇരുപതിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. നടക്കാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി നേടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തിൽ വിജയിക്കും.സിദ്ധാർത്ഥിന്റെ മരണത്തോടെ ഇതുപോലൊരു അക്രമം ഇനിയും ഉണ്ടാകില്ലെന്ന് വിചാരിച്ചെങ്കിലും കൊയിലാണ്ടിയിൽ അമലെന്ന വിദ്യാർത്ഥി അക്രമത്തിന് വിധേയമായി. തിരുവനന്തപുരത്ത് കേരള സർവകലാശാല കലോത്സവത്തിനെത്തിയ കെ.എസ്.യു നേതാക്കളെയും യൂണിയൻ ഭാരവാഹികളെയും എസ്.എഫ്.ഐ ക്രിമിനലുകൾ മർദ്ദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.