ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരമായ തിരിച്ചടികള്‍ നാം ശ്രദ്ധിക്കണം. തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ പറഞ്ഞു.
പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനും പ്രവര്‍ത്തകസമിതിയില്‍ തീരുമാനമായി. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവര്‍ത്തകസമിതികളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ജൂണ്‍ 23ന് പുതിയ അദ്ധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദേശ പത്രിക നല്‍കാം. അതേസമയം ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് തീയതി അന്തിമമാക്കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.