പത്തനംതിട്ട : പുതുതായി തിരഞ്ഞെടുത്ത വാര്‍ഡ് പ്രസിഡന്‍റുമാര്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 23 ഞായറാഴ്ച വൈകിട്ട് 3:00 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സമ്പൂര്‍ണ്ണ നേതൃസംഗമം സംഘടിപ്പിക്കും. നേതൃസംഗമം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വാര്‍ഡ്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാര്‍ക്കുള്ള ഡി.സി.സിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും നടത്തും. എ.ഐ.സി.സി ഭാരവാഹികള്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവര്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളോടനുബന്ധിച്ച് കെ.പി.സി.സി യുടെ മിഷന്‍ 2025 ന്‍റെ ഭാഗമായിട്ടാണ് സമ്പൂര്‍ണ്ണ നേതൃസംഗമം സംഘടിപ്പിക്കുന്നതെന്നും ഇത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയും ദിശാബോധവും നല്‍കുമെന്നും ഡി.സി.സി നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ ഭരണത്തിന്‍റെ തണലില്‍ സി.പി.എം പാര്‍ട്ടി ക്രിമിനല്‍, മദ്യ, മയക്കുമരുന്ന് സംഘങ്ങളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ജില്ലയില്‍ നിന്നുള്ള സംസ്ഥാന മന്ത്രിയുടെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തില്‍ കാപ്പ, ബലാത്സഗ കേസുകളിലെ പ്രതികളെ സ്വീകരിച്ചത് തെറ്റായ നടപടിയാണ്. ഇപ്പോള്‍ കാപ്പാ കേസിലെ പ്രതിയെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി നാടുകടത്തിയപ്പോള്‍ ആ പ്രതിയുടെ ജയില്‍വാസത്തെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയില്‍വാസവുമായി ഉപമിച്ച മുന്‍ ജനപ്രതിനിധി കൂടിയായ സി.പി.എംന്‍റെ പുതിയ ജില്ലാ സെക്രട്ടറിയുടെ നടപടി ഹീനവും അപലപനീയവുമാണ്.
അടിക്കടി ഉണ്ടാവുന്ന കൊലപാതകങ്ങള്‍, പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കല്‍, ആളുകളെ കാണാതാകുന്ന സംഭവങ്ങള്‍, നിരപരാധികള്‍ക്കെതിരായ പോലീസ് ലാത്തിചാര്‍ജ്ജുകളും, ക്രൂരമര്‍ദ്ദനങ്ങളും, മദ്യ, മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടം, ക്വാറി, മണ്ണ് മാഫിയകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ നിയന്ത്രിക്കുവാന്‍ ജില്ലയിലെ പോലീസ് സംവിധാനത്തിന് കഴിയുന്നില്ല. ജില്ലാ ഭരണകൂടവും പോലീസ് നേതൃത്വവും ഭരണകക്ഷിയുടെ ഇംഗിതത്തിന് വഴങ്ങി ഭരണകക്ഷി നേതാക്കളുടെ പാവകളായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ സമസ്ത മേഖലകളിലും ഭരണ സ്തംഭനവും വികസന മുരടിപ്പുമാണ് നിലനില്‍ക്കുന്നത്.
ആരോഗ്യ മന്ത്രിയും സി.പി.എം പ്രതിനിധിയായ മുന്‍സിപ്പല്‍ ചെയര്‍മാനും തമ്മിലുള്ള പടല പിണക്കവും അധികാര തര്‍ക്കവും ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടനത്തില്‍ അവതാരകന് മര്‍ദ്ദനം ഏല്‍ക്കുന്ന സംഭവം വരെ എത്തുകയും സി.പി.എം ജില്ലാ സെക്രട്ടറി അതിനെ ന്യായീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായതെന്നും ഡി.സി.സി നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ വിവിധ വാര്‍ഡുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം മുന്‍ കാലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ സുനിശ്ചിതമാണെന്ന് നേതാക്കള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടും കവര്‍ന്നെടുത്ത് വികസനം ഇല്ലാതാക്കിയ പിണറായി സര്‍ക്കാരിന്‍റെ അഴിമതി നിറഞ്ഞ ജനദ്രോഹ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ കാണുമെന്ന് നേതാക്കള്‍ പറഞ്ഞു. മാധ്യമ സമ്മേളനത്തില്‍ ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് എന്നിവര്‍ പങ്കെടുത്തു.