തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈകമാന്‍ഡ്. ഇക്കാര്യത്തില്‍ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം കെപിസിസി പ്രത്യേക പട്ടിക തയ്യാറാക്കും.
കഴിഞ്ഞ പ്രാവശ്യം തോറ്റ 70 കഴിഞ്ഞവരെ നിര്‍ബന്ധമായി ഒഴിവാക്കും, വിജയ സാധ്യത മാത്രം മാനദണ്ഡം. തലസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശം ഹൈകമാന്‍ഡ് പുറത്തിറക്കി. തലമുതിര്‍ന്ന നേതാക്കളും യുഡിഫ് കണ്‍വീനര്‍ അടക്കമുള്ളവരും മത്സര രംഗത്തുണ്ടാവില്ലെന്നാണ് സൂചന.
ഓരോ നിയമസഭാ മണ്ഡലത്തിലും ജയസാദ്ധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പമാണ് എ ഐ സി സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ രണ്ട് പട്ടികകളും അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഹൈകമാന്‍ഡ് തീരുമാനമെടുക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അന്‍വര്‍ ഡല്‍ഹിയിലെത്തി കേരളത്തെ സംബന്ധിച്ച റിപോര്‍ട് സോണിയ ഗാന്ധിക്ക് കൈമാറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എ ഐ സി സി ആവശ്യപ്പെട്ടിട്ടുണ്ട്. കെ പിസി സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പട്ടിക സംസ്ഥാന നേതൃത്വം നല്‍കും. ഇതനുസരിച്ചാകും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള കോണ്‍ഗ്രസിന്‍റെ അണിയറ നീക്കങ്ങള്‍.