ദില്ലി : കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്‍റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. തരൂരിന് തെറ്റു പറ്റിയെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
നയതന്ത്രം പറഞ്ഞ് മോദി പ്രകീര്‍ത്തനത്തില്‍ നിന്നും കണക്കുകളുടെ ബലത്തിലെെന്ന വാദത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സ്തുതിയില്‍ നിന്നും തരൂര്‍ തലയൂരുമ്പോള്‍ പാര്‍ട്ടിക്ക് അത് ദേശീയ തലത്തിലും കേരളത്തിലും വലിയ പരിക്കേല്‍പിച്ചുവെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. പാര്‍ട്ടി നേതാവെന്ന ലേബലില്‍ വ്യവസായ മന്ത്രിയുടെ അവകാശ വാദം ഉന്നയിച്ച് തരൂര്‍ ലേഖനമെഴുതാന്‍ പാടില്ലായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. പരമ്പരാഗത വ്യവസായ മേഖലകളടക്കം കേരളത്തില്‍ വലിയ തിരിച്ചടി നേരിടുന്ന കാര്യം തരൂരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരാതി ഹൈക്കമാന്‍ഡ് നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. യാഥാര്‍ത്ഥ്യം തരൂരിനെ ധരിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്നാണ് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരുമായി സംസാരിച്ചത്.