പന്തളം : കഴിഞ്ഞ നാലര വർഷക്കാലമായി കെടുകാര്യസ്ഥതയും അഹന്തയും ധാർഷ്ട്യവുമായി മുന്നോട്ടു പോകുന്ന പന്തളം നഗരസഭാ ഭരണ സമിതി രാജിവെച്ചു ജനങ്ങളോടു പ്രതിബദ്ധത കാട്ടണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു. കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് പന്തളം, കുരമ്പാല മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പന്തളം നഗരസഭയുടെ ഭരണത്തിലേറിയ നാളുമുതല്‍ ചട്ടപ്രകാരവും നിയമപരമായും ബഡ്ജറ്റു പോലും അവതരിപ്പിച്ചിട്ടില്ലെന്നും അമൃത് കുടിവെള്ള പദ്ധതി, തെരുവുവിളക്കു വാങ്ങൽ, മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റ്, പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റ്, ക്രമിറ്റോറിയം, പന്തളം വലിയകോയിക്കൽ ക്ഷേത്ര സമുച്ചയത്തിലെ ശൗചാലയ നിർമ്മാണം തുടങ്ങിയ പദ്ധതികളിലെല്ലാം വൻ അഴിമതിയും തിരിമറിയും നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സർക്കാർ നൽകുന്ന പദ്ധതി പണത്തിന്റെ മുക്കാൽ പങ്കും നാലര വർഷമായി നഷ്ടപ്പെടുത്തി പന്തളത്തിന്റെ വികസനം മുരടിപ്പിക്കുകയാണ് ബി.ജെ.പി ഭരണസമിതി ചെയ്തത്. പ്രതികരിക്കുന്ന കൗൺസിലർമാരെ അക്രമത്തിലൂടെയും കള്ളക്കേസുകളിലൂടെയും ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അഴിമതി മറക്കാൻ ബി.ജെ.പി നടത്തുന്ന ഗൂഡശ്രമം ജനങ്ങളുടെ മുമ്പിൽ തുറന്നു കാട്ടുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. കൗൺസിലിൽ ചർച്ചകൾക്കിടയിൽ നഗരസഭയുടെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഭരണസമിതി അംഗങ്ങൾ കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷിനെ മർദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു സമരം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇൻ ചാർജ് എ നൗഷാദ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ്, ബ്ലോക്ക് പ്രസിഡണ്ട് സക്കറിയ വർഗീസ്, എസ് ഷെരീഫ്, മനോജ് കുരമ്പാല, പന്തളം മഹേഷ്, ഉമ്മൻ ചക്കാലയിൽ, ജി അനിൽകുമാർ, കെ ആർ വിജയകുമാർ, സുനിത വേണു, കെ എൻ രാജൻ, ഇ എസ് നുജുമുദീൻ, പി പി ജോൺ, നസീർ കടക്കാട്, വല്ലാറ്റൂർ വാസുദേവൻ പിള്ള, മണ്ണിൽ രാഘവൻ, ജോണിക്കുട്ടി, പി കെ രാജൻ, വൈ റഹിം റാവുത്തർ, കിരൺ കുരമ്പാല, സതീഷ് കോളപ്പാട്ട്, ശാന്തി സുരേഷ്, ഷാജി എം എസ് ബി ആർ, സോളമൻ വരവുകാലായിൽ, സി കെ രാജേന്ദ്രപ്രസാദ്, അഡ്വ. മുഹമ്മദ് ഷഫീഖ്, ബൈജു മുകടിയിൽ, ആർ സുരേഷ് കുമാർ, വിനോദ് മുകടിയിൽ, ടെന്നീസ് ജോർജ്, ഗീത പി നായർ, മീരാഭായി, പി സി സുരേഷ് കുമാർ, ശമുവൽ ഡേവിഡ്, സാദിഖ്, തുടങ്ങിയവർ സംസാരിച്ചു.