തിരുവനന്തപുരം: കോൺഗ്രസിന്റെ യോഗങ്ങളിലും ചടങ്ങുകളിലും പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. നിശ്ചയിക്കപ്പെട്ടവർ മാത്രമേ പൊതുപരിപാടികളിൽ വേദിയിലുണ്ടാകാവൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് ഇതുസംബന്ധിച്ച് ഇറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനുണ്ടായ തിക്കുംതിരക്കും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണിത്. കെപിസിസി പ്രസിഡന്റ്, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, പാർലമെന്ററി പാർട്ടി നേതാവ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി, പ്രവർത്തകസമിതി അംഗം, മുൻ കെപിസിസി പ്രസിഡന്റ്, എഐസിസി ഭാരവാഹികൾ, കെപിസിസി വർക്കിങ് പ്രസിഡന്റുമാർ, ഭാരവാഹികൾ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റ്, എംപി, എംഎൽഎ, കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങൾ, മുൻ മന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎമാർ എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള മുൻഗണനാക്രമം.
വേദിയിൽ കസേരയിൽ പേരെഴുതി ഒട്ടിച്ചിരിക്കണം. അവിചാരിതമായി മുതിർന്നനേതാക്കൾ വേദിയിലേക്ക് വന്നാൽ അവരുടെ പ്രോട്ടക്കോൾ മാനിച്ച് ഇരിപ്പിടം നൽകണം. മാനദണ്ഡങ്ങളിൽപ്പെടാത്തവരെ വേദിയിൽ ഇരിക്കാനോ നിൽക്കാനോ അനുവദിക്കരുത്. ഡിസിസി പ്രസിഡന്റ് അധ്യക്ഷനായ വേദികളിൽ എഐസിസി, കെപിസിസി തലത്തിലുള്ള നേതാക്കളുണ്ടെങ്കിൽ അവരായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടത്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ പരിപാടികളിലും ഇത് യഥാക്രമം ഡിസിസി ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിങ്ങനെയായിരിക്കും.ജാഥകളിൽ അവ നയിക്കുന്നയാളിന്റെയൊ ബാനറിന്റെയോ പിന്നിൽ മാത്രമേ മറ്റുള്ളവർ നടക്കാവൂ. ട്രാഫിക് നിയന്ത്രിക്കാനെന്നപേരിൽ മുന്നിലേക്ക് ഇടിച്ചുകയറരുത്. പ്രധാന നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ അവർ ചുമതലപ്പെടുത്തുന്നവരല്ലാത്തവർ പിന്നിൽ തിക്കിത്തിരക്കി നിൽക്കരുത് -തുടങ്ങിയവയാണ് നിർദേശങ്ങൾ.