ന്യൂഡല്‍ഹി : പഞ്ചാബില്‍ കരുത്തനായി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗിനെ വെട്ടിമാറ്റി പകരം സിദ്ദുവിന്റെ അനുചരന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയ രാഹുല്‍ ഗാന്ധിയുടെ പരിഷ്‌ക്കാരം പാര്‍ട്ടിയ്ക്ക് കൂടുതല്‍ വിനയാകുന്നു. കോണ്‍ഗ്രസിലെ സ്ഥാനമോഹികള്‍ക്ക് ആഗ്രഹിക്കാന്‍ ഏറെ വക നല്കുന്നതാണ് ഈ തീരുമാനം. ഇതോടെ രാജസ്ഥാനില്‍ പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി സ്ഥാനം മോഹിച്ചു രംഗത്തുവന്നു കഴിഞ്ഞു. കൂടെ ഛത്തീസ്‌ഗഡിലും കോണ്‍ഗ്രസിന് പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്.
രാജസ്ഥാനില്‍ പിണങ്ങിനില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ കണ്ടതിനു പിന്നാലെ ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആരോഗ്യ മന്ത്രിയുമായ ടി.എസ്. സിങ് ദേവും ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനമാണെന്നാണു സിങ് ദേവ് പുറമേ പറയുന്നതെങ്കിലും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നീക്കാന്‍ ഹൈക്കമാന്‍ഡിനു മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമം അദ്ദേഹം നടത്തുമെന്നാണു സൂചന.
രണ്ടര വര്‍ഷത്തിനു ശേഷം തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് 2018 ഡിസംബറില്‍ ഭരണം ലഭിച്ച വേളയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണു സിങ് ദേവിന്റെ ആവശ്യം. അടുത്ത വര്‍ഷമവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ബാഗേലിനെ അയയ്ക്കുന്നത് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം വിടില്ലെന്ന നിലപാടിലാണു ബാഗേല്‍.
നേരത്തെ സച്ചിന്‍ പൈലറ്റിന്റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. പഞ്ചാബിലെ മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടങ്ങി. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അടുത്ത വെല്ലുവിളിയായി രാജസ്ഥാനും ചത്തീസ്ഗഡും മാറുകയാണെന്ന് വ്യക്തമാണ്. ഇരുസംസ്ഥാനങ്ങളിലും സാഹചര്യം പഞ്ചാബിലേതിന് സമാനമല്ല. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ടിനും ഭൂപേഷ് ബാഗലിനും ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണയുണ്ട്. രാഹുല്‍ ഗാന്ധിയുമായി രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതോടെ ചികില്‍സയിലുള്ള മുഖ്യമന്ത്രി സജീവമാകുന്നതോടെ സച്ചിനെ അനുകൂലിക്കുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം ഉടനുണ്ടാകും.
ചത്തീസ്ഗഡിലും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.എസ് സിങ്‌ദേവ് രംഗത്തുണ്ടെങ്കിലും നേതൃമാറ്റം വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. നേരത്തെ ഇരുനേതാക്കളെയും ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.