കൊച്ചി : നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം സമവായമായില്ല. ജോജു വിഷയത്തില്‍ തുടര്‍ നിലപാട് യോഗത്തിന് ശേഷം കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ നിന്നു ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കുന്നത്. അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്.
ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ കോണ്‍ഗ്രസ് അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഇന്ധന വിലവര്‍ധനക്കെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയാണ് ജോജു ജോര്‍ജ്ജും പാര്‍ട്ടിയും പ്രശ്‌നമുണ്ടാകുന്നത്. ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം കിട്ടിയില്ല. റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യ ഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.
കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സമവായ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. ജോജുവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നുവെന്നും പാര്‍ട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിനിടെ കേസില്‍ കക്ഷി ചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കൃത്യമായ കാര്യം വ്യക്തമാക്കാതെയുള്ളതാണ് ഹര്‍ജിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.