കോഴഞ്ചേരി : കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തത് മുതൽ സിപിഎമ്മിലെ ജനപ്രതിനിധികളുമായി ചേർന്ന് പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതികരിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽനിന്ന് കോൺഗ്രസ് ഭരണം പിടിച്ചെടുത്തതുമുതൽ സിപിഎമ്മിന്റെ പഞ്ചായത്ത് അംഗങ്ങളും നേതാക്കളും കോൺഗ്രസ് അംഗങ്ങളോട് നിരുത്തരവാദപരമായാണ് പെരുമാറുന്നത്.
കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ഭരണം തുടങ്ങിയത് മുതൽ പല പദ്ധതികൾ കോഴഞ്ചേരിയിൽ നടപ്പാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടൊക്കെ സിപിഎം പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്തിൽ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, മേരിക്കുട്ടി ടീച്ചർ, അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജു കോശി സൈമൺ, ഡിസിസി അംഗം ലീബ ബിജി, മോനച്ചൻ വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.