ഹരിപ്പാട് : ക്ഷേത്രദര്‍ശനം കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങും വഴി കാറിടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ചിങ്ങോലി ആരഭിയില്‍ ശ്രീദേവി രാജന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ രാവിലെ 8.30 ന് കാഞ്ഞൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിങ്ങോലിയിലെ വീട്ടുവളപ്പില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി ഹരിപ്പാട് കോണ്‍ഗ്രസ് ആഫീസില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി വലിയകുളങ്ങര വഴി ചിങ്ങോലിയില്‍ എത്തിച്ചാണ് 3 മണിക്ക് സംസ്‌ക്കാരകര്‍മ്മം നടത്തുക.