തിരുവനന്തപുരം: ഖദറാണ് ശരിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഖദർ വസ്ത്രം കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഖദർ കോൺഗ്രസുകാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാകണം എന്നുമാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്. എല്ലാ പാർട്ടിയിലെ ചെറുപ്പക്കാർ കളർഫുൾ വസ്ത്രം തെരഞ്ഞെടുക്കുന്നുവെന്നും കളറായി നടക്കുകയെന്നതാണ് അവരുടെ മോഹമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ യുവാക്കൾ സംഘടനാ ചിന്തയ്ക്കൊപ്പം നിൽക്കണം. പാർട്ടിയുടെ പാരമ്പര്യം സംരക്ഷിക്കണം. കോൺഗ്രസ് അംഗത്വത്തിന് ഖദർ നിർബന്ധമാണെന്ന് പാർട്ടി ഭരണഘടനയിൽ ഉണ്ടായിരുന്നു. വെള്ള ഖദർ ധാരിക്ക് സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ട്. ഖദർ ധരിക്കുന്നത് വലിയ ചിലവുള്ള കാര്യമല്ല.
ചിലവിനെക്കുറിച്ച് ആലോചിക്കുന്നതും ശരിയല്ല. ചിലവിനേക്കാൾ വലുത് പാർട്ടി വിശ്വസപ്രമാണമാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഖദറാണ് ധരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് അജയ് തറയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. വിഷയം ചര്‍ച്ചയായപ്പോൾ ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ പറഞ്ഞിരുന്നു.