ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. ആറ് മണിയ്‌ക്കാണ് സോണിയാഗാന്ധിയുടെ വസതിയില്‍ തെരഞ്ഞെടുപ്പ് സമിതി ചേരുക. രാത്രി എട്ട് മണി കഴിഞ്ഞായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. നേമത്തും വട്ടിയൂര്‍ക്കാവിലും മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഇരു നേതാക്കളും മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നേമം, വട്ടിയൂര്‍ക്കാവ് രണ്ടിടങ്ങളിലും കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നേമത്തും, വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം. പുനരാലോചനയ്ക്ക് സമയം ആവശ്യപ്പെട്ട ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തെരഞ്ഞെടുപ്പ് സമിതിയ്‌ക്ക് മുമ്പായി നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
നേമത്ത് നിന്ന് മത്സരിക്കുന്നയാള്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഫോര്‍മുല. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഉമ്മന്‍ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. അവസാനനിമിഷം കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, ശശി തരൂര്‍ അടക്കമുളള നേതാക്കളെ നേമത്തേയ്‌ക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പട്ടികയില്‍ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. കല്‍പ്പറ്റ, നിലമ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. കെ സി ജോസഫിനും കെ ബാബുവിനും സീറ്റുണ്ടാകില്ല. തൃപ്പൂണിത്തുറയില്‍ വേണു രാജാമണി സ്ഥാനാര്‍ത്ഥിയാകും. ജോസഫ് വാഴയ്‌ക്കന്‍ കാഞ്ഞിരപ്പളളിയിലും മാത്യു കുഴല്‍നാടന്‍ മുവാറ്റുപുഴയിലും മത്സരിച്ചേക്കും.
ഇടുക്കി പീരുമേടില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചാല്‍ കൂട്ടമായി രാജിവെയ്ക്കുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാര്‍ രാജിവെയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കെ എസ്‍ യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പീരുമേട് സീറ്റില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് സിറിയക് തോമസിനെയാണ്. സിറിയക്കിന് ജയസാധ്യതയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.