ഡൽഹി : കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ. ഭാരത് യാത്രയുടെ കൂടിയാലോചനകൾക്കൊപ്പം സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കം പ്രതിരോധിക്കുന്നതും യോഗം ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അധ്യക്ഷയെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇഡി നീക്കത്തെ അതീവ ഗൗരവത്തിലാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. പ്രതിഷേധങ്ങൾ ഏതു രീതിയിൽ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ച് രണ്ടരയ്ക്ക് എഐസിസി ആസ്ഥാനത്ത് ചേരുന്ന നേതൃയോഗം ചർച്ച ചെയ്യും. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സ്വീകരിച്ചതിനെക്കാൾ പ്രതിഷേധം ശക്തമാക്കണമെന്നാണ് നേതൃത്വത്തിനിടയിലെ പൊതുവികാരം.
കൂടാതെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരും. പത്തരക്ക് സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് യോഗം. അഗ്നിപഥ്, വന നിയമ ഭേദഗതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ചർച്ചയാകും. ഒക്ടോബർ രണ്ടിന് നിശ്ചയിച്ചിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങളും ചർച്ചയിൽ ഉണ്ടാകും. ഒക്‌ടോബർ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ അല്ലെങ്കിൽ യുണൈറ്റഡ് ഇന്ത്യ കാമ്പെയ്‌നിന്റെ പദ്ധതികളും വ്യാഴാഴ്ചത്തെ പാർട്ടി യോഗത്തിൽ തീരുമാനിക്കും.
വിദേശത്തായതിനാൽ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കില്ല. നിർണായക യോഗത്തിലെ രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ നേതാക്കൾക്ക് അസംതൃപ്തിയുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും മുന്നോടിയായി രാഹുൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. രാഹുലിന്റെ അടിക്കടിയുള്ള ഇത്തരം വിദേശ സന്ദർശനങ്ങൾ നിർണായക രാഷ്ട്രീയ നിമിഷങ്ങളിൽ നേതൃപരമായ പങ്ക് ഏറ്റെടുക്കുന്നതിനെ ബാധിക്കുമെന്നാണ് വിമർശനം.
കോൺഗ്രസ് ഈ വിഷയത്തിൽ നിലവിൽ പ്രതികരിച്ചിട്ടില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവെച്ചിരുന്നു. സോണിയാ ഗാന്ധിയാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. രാഹുൽ ഗാന്ധി ഈ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.