ബെംഗളൂരു : കര്‍ണാടക കോണ്‍ഗ്രസിന് തലവേദനയായി മുതിര്‍ന്ന നേതാവിന്‍റെ പ്രസ്താവന. ബി എസ് യെദിയൂരപ്പയുടെ മകനും ബിജെപി എംപിയുമായ ബി വൈ രാഘവേന്ദ്രയെ വീണ്ടും എംപിയായി തെരഞ്ഞെടുക്കണമെന്ന് ശിവമൊഗ്ഗ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാമനൂർ ശിവശങ്കരപ്പ ആവശ്യപ്പെട്ടു. ബെക്കിന കൽമറ്റയിൽ സംഘടിപ്പിച്ച ഗുരു ബസവശ്രീ അവാർഡ് പ്രധാൻ ആധ്യാത്മിക സമ്മേളനത്തിൽ ഗുരു ബസവശ്രീ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ശിവശങ്കരപ്പ. ശിവമോഗ ജില്ലയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടു. നിങ്ങൾ നല്ലൊരു എംപിയെ തെരഞ്ഞെടുത്തതിന്‍റെ ഫലമാണത്. അദ്ദേഹത്തെ ഇനിയും തെരഞ്ഞെടുക്കണം. ജില്ല കൂടുതൽ വികസിക്കേണ്ടതുണ്ട്. ബി വൈ രാഘവേന്ദ്രയെപ്പോലുള്ള ലോക്‌സഭാംഗങ്ങളെ ലഭിച്ചത് അനുഗ്രഹമാണ്. ജനങ്ങൾക്കായുള്ള വികസന പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ശിവശങ്കരപ്പ പറഞ്ഞു.
ജനഹിതമനുസരിച്ച് പ്രവർത്തിച്ച ലോക്സഭാംഗങ്ങളെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണം. വീരശൈവ ലിംഗായത്തുകൾക്ക് നിരവധി ഉപവിഭാഗങ്ങളുണ്ട്. അവയെല്ലാം നീക്കണം. എല്ലാവരും ഒരുപോലെയാണെന്ന് തോന്നണം. എങ്കിൽ മാത്രമേ ഐക്യമുണ്ടാകൂവെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു. കർണാടക സംസ്ഥാനത്ത് കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തിരികെ ബിജെപിയിലേക്ക് മടങ്ങിയിരുന്നു.