മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രിയിലെ പത്ത് കോൺഗ്രസ് എം.എൽ.എമാർ. ക്രോസ് വോട്ട് ചെയ്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടിയെ അനുസരിച്ച് വോട്ട് ചെയ്തവരെ വരെ സംശയിക്കുമെന്നും ഈ എം.എൽ.എമാർ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് എം.എൽ.എമാർ കത്ത് നൽകി.ഈ മാസം 12ന് നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴോളം കോണ്‍ഗ്രസ് എം.എൽ.എമാരാണ് ക്രോസ് വോട്ട് ചെയ്തത്. പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 വോട്ടുകളാണ് ഉറപ്പിച്ചിരുന്നത്. ശേഷിക്കുന്ന ഏഴുവോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (യു.ബി.ടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു. എന്നാൽ, പ്രദ്‌ന്യ സതവിന് 25ഉം നർവേക്കറിന് 22 വോട്ടുകളാണ് ലഭിച്ചത്. അതായത് ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ് വോട്ട് ചെയ്തെന്നാണ് വ്യക്തമാകുന്നത്.
” ഞങ്ങൾ പാർട്ടിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ചില എം.എൽ.എമാരുടെ ക്രോസ് വോട്ട് കാരണം ഞങ്ങളെപ്പോലും സംശയത്തില്‍ നിര്‍ത്തുകയാണ്. നമ്മൾ എന്തിന് ഈ അപമാനം സഹിക്കണം? ക്രോസ് വോട്ട് ചെയ്ത എം.എൽ.എമാരുടെ പേരുകൾ പാർട്ടിക്ക് അറിയാമെങ്കിൽ അവർക്കെതിരെ ഉടൻ നടപടിയെടുക്കുകയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും വേണം”- പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എതിരാളികള്‍ പാർട്ടിക്കെതിരെ ക്രോസ് വോട്ട് വിഷയം ഉപയോഗിക്കുമെന്ന് വിദർഭയിൽ നിന്നുള്ള മറ്റൊരു എം.എൽ.എ ചൂണ്ടിക്കാട്ടി. “ ചില എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്തത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു. ആരൊക്കെയാണ് പാര്‍ട്ടിയെ ധിക്കരിച്ചത് എന്ന് അറിയാത്തതിനാല്‍ എല്ലാവരെയും സംശയത്തോടെയാണ് നോക്കുന്നത്. സാഹചര്യം അങ്ങനെ തന്നെ തുടരുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്താൽ എതിരാളികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷയം ഉന്നയിക്കും. ഇത് തിരിച്ചടിയാകും, അതിനാല്‍ അടിയന്തിര നടപടി ആവശ്യമാണെന്നും”- അദ്ദേഹം പറഞ്ഞു.