റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. ഭരണത്തുടർച്ച നേടാൻ നേതാക്കൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ആരംഭിച്ചു. ഇതിൻ്റെ ആദ്യ പടിയായാണ് ടിഎസ് സിംഗ് ദിയോയ്ക്ക് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തയ്യാറായത്. 15 വർഷത്തിന് ശേഷം ലഭിച്ച അധികാരം നിലനിർത്താൻ ആണ് കോൺഗ്രസ് നീക്കം ആരംഭിച്ചിരിക്കുന്നത്. വെല്ലുവിളിയായി മുന്നിലുള്ള ഉൾപ്പാർട്ടി തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടതും ഇതിൻ്റെ ഭാഗമായാണ്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെ ആരോഗ്യ മന്ത്രി സ്ഥാനം ടി.എസ് സിംഗ് ദിയോ ഒഴിഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ ഉപമുഖ്യമന്ത്രി സ്ഥാനം ദിയോയ്ക്ക് നൽകുന്നത് വഴി ഛത്തീസ്ഗഡ് കോൺഗ്രസിലെ തർക്ക പരിഹാരത്തിന് വഴിയൊരുങ്ങുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഇന്നലെ നടന്ന സ്ട്രാറ്റജി യോഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കുമാരി സെൽജ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്.