ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. 9,900 പാര്‍ട്ടി പ്രതിനിധികളാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡോ. ശശി തരൂരുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെ സ്‌ട്രോങ് റൂമിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ എത്തിത്തുടങ്ങി. പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിനായി 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകളാണ് രാജ്യത്തുടനീളം സജ്ജമാക്കിയിരുന്നത്.ബാലറ്റ് പെട്ടികള്‍ കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും രാജ്യതലസ്ഥാനത്തേക്ക് എത്തുന്നുണ്ട്. അതേസമയം, 2024ലെ തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് കോണ്‍ഗ്രസിന്റെ വമ്പിച്ച ജനസമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശിലാണ്.
പാര്‍ട്ടി ആസ്ഥാനത്തെ കോണ്‍ഗ്രസിന്റെ കാന്റീനും നവീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എഐസിസി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.’കാന്റീനില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി. 15 വര്‍ഷത്തിന് ശേഷമാണ് കാന്റീനില്‍ മാറ്റമുണ്ടായിരിക്കുന്നത്.”- കാന്റീന് മാനേജര്‍ പ്രഭാകര്‍ മാധ്യമങ്ങളോട്പറഞ്ഞു.
‘കോണ്‍ഗ്രസ് അതിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര ജനങ്ങളുമായും പാര്‍ട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പ് പാര്‍ട്ടി പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടിരിക്കുന്നു. രണ്ടിലും ജനങ്ങള്‍ അവേശത്തിലാണ്’- കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്സ് വിഭാഗം ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി മാധ്യമങ്ങളോട്പറഞ്ഞു.
ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്. 95% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അടുത്ത പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ 9,900 പ്രതിനിധികള്‍ വോട്ട് രേഖപ്പെടുത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡോ. ശശി തരൂരുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് പോലെ, ആദ്യമായി, പ്രതിനിധികള്‍ക്ക് ക്യുആര്‍ കോഡുള്ള ഐഡി കാര്‍ഡ് വിതരണം ചെയ്തിരുന്നു.
‘കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി (സിഇഎ) തിരഞ്ഞെടുത്ത 943 റിട്ടേണിംഗ് ഓഫീസര്‍മാരുടെ സംഘം ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അംഗത്വ പരിപാടിയോടെയായിരുന്നു തുടക്കം. ഏകദേശം 9,900 പ്രതിനിധികള്‍ക്ക് QR കോഡ് ചെയ്ത ഐഡി കാര്‍ഡുകള്‍ നല്‍കി, അത് പ്രിന്റ് ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു.”-ചക്രവര്‍ത്തി പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 50 ഓളം പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി ബല്ലാരിയിലെ ക്യാമ്പ് സൈറ്റില്‍ ‘കണ്ടെയ്നര്‍’ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നു.