പത്തനംതിട്ട : മേക്കൊഴൂർ ഹൃഷികേശ ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തുകയും പൂജാസാധനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത ഡി.വൈ.എഫ് ഐ പ്രവർത്തകരുടെ നടപടിയിൽ മൈലപ്ര മണ്ഡലം കോൺഗ്രസ് നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യാതൊരു പ്രകോപനവും ഇല്ലാതെ ക്ഷേത്രത്തിൽ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ ക്രിമിനലുകൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പോലീസ് നടപടി സി.പി.എം നേതാക്കളുടെ ഇടപെടലും സമ്മർദ്ദവും മൂലമാണെന്ന് കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി. മേക്കഴൂർ ഉൾപ്പെടെ മൈലപ്ര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്രിമിനൽ, മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാട്ടം നടത്തിയിട്ടും കർശന നടപടികൾ സ്വീകരിക്കുവാൻ പോലീസ് മടി കാട്ടുന്നതായി യോഗം കുറ്റപ്പെടുത്തി.
പോലീസ് നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, സിബി ജേക്കബ്, എൽസി ഈശോ, ബിന്ദു ബിനു, ഓമന വർഗീസ്, ജോബിൽ തോമസ് മൈല പ്ര, ജെസി വർഗീസ്, മഞ്ജു സന്തോഷ്, ശോശാമ്മ ജോൺസൺ, ജനകമ്മ ശ്രീധരൻ, വി.കെ സാമുവൽ, തോമസ് ഏബ്രഹാം മാത്തുകുട്ടി വർഗീസ്, സി.എ തോമസ്, ഷാജി പാലിശ്ശേരിൽ, മോഹനൻ കുരുടാൻ കുഴിയിൽ, സന്തോഷ് കണ്ണൻപാറ, സാംകുട്ടി സാമുവൽ, ജോൺസൺ പി.എ എന്നിവർ പ്രസംഗിച്ചു.