തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ്റെ സ്വകാര്യ ബിൽ കോൺഗ്രസിനെ വെട്ടിലാക്കി. യു.ഡി.എഫിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ പാർട്ടി നിലപാട് വിശദീകരിക്കേണ്ടതിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നു. കെ.പി.സി.സി നേത്യത്വം നിലപാട് വിശദീകരിക്കണമെന്ന് സി.പി.എമ്മും ആവശ്യം ഉയർത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വലിയ പ്രാധാന്യമില്ലാതിരുന്ന ഹൈബി ഈഡൻ്റെ സ്വകാര്യ ബില്ലിനെ വിവാദമാക്കി മാറ്റിയത് സംസ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ നീക്കമാണ്. മാർച്ചിൽ അവതരിപ്പിക്കപ്പെട്ട ബില്ലും കേന്ദ്രത്തിൻ്റെ കത്തും ഇതിനോടുള്ള സംസ്ഥാനത്തിൻ്റെ നിലപാടുമെല്ലാം ഇപ്പോൾ പുറത്ത് വിട്ടത് കൃത്യമായ കണക്ക് കൂട്ടലോടെയായിരുന്നു. ഇതോടെ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കാവുന്ന തലസ്ഥാന മാറ്റം എന്ന ആവശ്യത്തിനൊപ്പം കോൺഗ്രസ് ഉണ്ടോയെന്ന ചോദ്യമാണ് ആദ്യം ഉയർന്നത്.
ഇതിൽ യു.ഡി.എഫ് ഘടകകക്ഷികളടക്കം ഹൈബിക്ക് എതിരെ തിരിഞ്ഞു. മണ്ഡലം നിലനിർത്താനുള്ള അടവെന്ന് ആർ.എസ്.പി തുറന്നടിച്ചു. ഹൈബിയെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും അപ്രായോഗിക ആശയമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കും സംശയം ഉണ്ടായിരുന്നില്ല. പക്ഷേ, എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ യു.ഡി.എഫ് നേതൃത്വത്തിനും വ്യക്തത ഉണ്ടായിരുന്നില്ല. ഇങ്ങനെ യു.ഡി.എഫ് ആശയകുഴപ്പത്തിൻ്റെ കൊടുമുടിയിൽ നിൽക്കവേ അതിനെ കുറേക്കൂടി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സി.പി.എം നേതൃത്വം എത്തി. അനാവശ്യ നീക്കമാണ് ഹൈബി ഈഡൻ നടത്തിയതെന്ന അഭിപ്രായം പാർട്ടിയിലും യു.ഡി.എഫിലും ശക്തമായിട്ടുണ്ട്. അതിനാൽ സ്വകാര്യ ബില്ലിന് വലിയ ഗ3രവം നൽകേണ്ടതില്ലെന്ന് വിശദീകരിച്ച് വഴിമാറി നടക്കാനാവും കെ.പി.സി.സി നേതൃത്വം ശ്രമിക്കുക