പത്തനംതിട്ട : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള മലയാലപ്പുഴ അമിനിറ്റി സെന്ററിൽ പത്ത് വർഷമായി പ്രവർത്തിച്ചു കൊണ്ടിരുന്ന കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോട്ടൽ സരംഭകരെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ച സംഭവത്തിൽ വിമർശനവുമായി ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം. ലക്ഷക്കണക്കിന് രൂപ വായ്പ എടുത്ത് ഹോട്ടൽ നടത്തിയിരുന്ന ആറ് വനിതകളാണ് ഇതോടെ പെരുവഴിയിലായത്. ഹോട്ടലിൽ ഇപ്പോൾ ഒരു ദേശാഭിമാനി പത്രം ഉള്ളത് പോരാതെ ഓരോ അംഗങ്ങളും ഒരു വർഷത്തേക്ക് പത്രത്തിന്റെ വരിക്കാരാകണമെന്നും തുക മുൻകൂട്ടി അടക്കണമെന്നും പ്രാദേശിക സി.പി.എം നേതാവ് ഹോട്ടലിൽ എത്തി ആവശ്യപ്പെട്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിന് സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇങ്ങനെ അധികൃതരെക്കൊണ്ട് ഇത്രയും വേഗം നടപടി ക്രമങ്ങളുടെ പേര് പറഞ്ഞ് തങ്ങളെ ഇറക്കി വിട്ടതെന്നും ഇങ്ങനെ ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ വരിക്കാരെ ചേർക്കാൻ വന്ന ദിവസം ഭീഷണി മുഴക്കിയിരുന്നതായും ഹോട്ടൽ നടത്തിപ്പുകാരായിരുന്ന കുടുംബശ്രീ വനിതകൾ പറഞ്ഞു. മുൻ കാലങ്ങളിലെപ്പോലെ തങ്ങളെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനും ഡി.റ്റി.പി.സി അധികൃതർക്കും കത്ത് നല്കിയിരുന്നതായും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നല്കിയിരുന്നതായും ഇവർ പറഞ്ഞു. ഹോട്ടൽ നടത്തിപ്പിനായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ സാധനങ്ങൾ, എ.സികൾ , ഫ്രിഡ്‌ജുകൾ എന്നിവ തുഛമായ വിലക്ക് വിൽക്കേണ്ടി വരുമെന്നും കുട്ടികളുടെ വിഭ്യാസം ഉൾപ്പെടെയുള്ള തങ്ങളുടെ കുടുംബങ്ങളുടെ ഏക വരുമാനം മാർഗ്ഗം ഇല്ലാതായതുമൂലം ഭാവി അനിശ്ചിതത്വത്തിലാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല. വിഷമം ഉള്ളിലൊതുക്കി അവർ പറഞ്ഞു.
മലയാലപ്പുഴ ടൂറിസം അമിനിറ്റി സെന്ററിൽ വർഷങ്ങളായി ഹോട്ടൽ സംരംഭം നടത്തിക്കൊണ്ടിരുന്ന കോൺഗ്രസ് അനുഭാവികളായ കുടുംബശ്രീ വനിതകളെ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായില്ല എന്നതിന്റെ പേരിൽ മറ്റ് കാരണങ്ങൾ കൂടാതെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ഒഴിപ്പിച്ച നടപടി പുന:പരിശോധിച്ച് അത് തുടരുവാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് എന്നിവർ ജില്ലാ കുടുംബശ്രീ മിഷൻ,ഡി.റ്റി. പി.സി അധികൃതരോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണത്തിലുള്ള മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും സി.പി.എം നേതാക്കളും ഭരണത്തിന്റെ തണലിൽ സ്വജന പക്ഷപാതവും രാഷ്ട്രീയ വിവേചനവും കാട്ടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കുടുംബശ്രീ വനിതാ സംരംഭകരോട് കാട്ടിയതെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.