തിരുവനന്തപുരം: പടയോട്ടത്തിനിടെ സൈന്യാധിപന്റെ തൊപ്പി നഷ്ടമായെന്ന വേദനയിലാണ് കെ. സുധാകരൻ. എന്നാൽ, അനിവാര്യമായ നേതൃമാറ്റമാണ് നടന്നതെന്നാണ് പാർട്ടിയുടെ പക്ഷം. സ്ഥാനമൊഴിഞ്ഞ മറ്റു പിസിസി പ്രസിഡന്റുമാർക്കൊന്നും ലഭിക്കാത്തവിധം പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ വർക്കിങ് കമ്മിറ്റിയിലേക്കുള്ള സ്ഥാനക്കയറ്റമായി മാറ്റത്തെ കാണണമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ സുധാകരന്റെ സങ്കടങ്ങൾക്ക് തത്കാലം ചെവികൊടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. തന്റെ മാറ്റം ചില നേതാക്കളുടെ വക്രബുദ്ധിയായിരുന്നെന്നും അതിന് കേന്ദ്രനേതൃത്വം കൂട്ടുനിൽക്കുകയായിരുന്നെന്നുമാണ് സുധാകരന്റെ ആരോപണം.
പേരെടുത്തു പറഞ്ഞില്ലെങ്കിലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെയാണ് അദ്ദേഹം ഉന്നംവെക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുടെപേരിൽ സുധാകരനെ മാറ്റണമെന്നകാര്യത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷത്തിനും ഏകാഭിപ്രായമായിരുന്നു. പകരംവന്ന പേരുകളിൽ മാത്രമായിരുന്നു തർക്കം. ഈ തർക്കത്തിലിടപെട്ട രാഹുൽഗാന്ധി നേരിട്ടുതന്നെ ഒട്ടേറെ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. സി.വി. പത്മരാജൻമുതൽ മുല്ലപ്പള്ളി രാമചന്ദ്രൻവരെ കെപിസിസി പ്രസിഡന്റ്സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടവരെയൊന്നും വർക്കിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
സുധാകരന്റെ കുറ്റപ്പെടുത്തലുകൾക്ക് അതേനിലയിൽ മറുപടിപറയാൻ കോൺഗ്രസിൽനിന്ന് ആരും മുതിർന്നിട്ടില്ല. സ്ഥാനം നഷ്ടമായതിന്റെപേരിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന വൈകാരികപ്രതികരണമായി ഇതിനെ കണ്ടാൽമതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സുധാകരനെ അനുകൂലിച്ച് ആരും അണിനിരന്നിട്ടുമില്ല. ഹൈക്കമാൻഡ് നേരിട്ടെടുത്ത തീരുമാനത്തെ എതിർക്കുന്നതിൽ നടപടിഭയമുണ്ട് നേതാക്കൾക്ക്. കെപിസിസിയിലെ മാറ്റം ഒരു പാക്കേജായി നടപ്പാക്കിയതിനാൽ നേതൃനിരയിൽനിന്ന് വലിയ എതിർപ്പുകൾ ഉയർന്നുവരാൻ സാധ്യതയില്ല. സ്വന്തം നഷ്ടമെന്നതിനപ്പുറത്തേക്ക് ഒരു ഗ്രൂപ്പിന്റെ നഷ്ടമായി അതിനെ വളർത്തിയെടുക്കുക സുധാകരന് പ്രയാസകരമാകും.