തിരുവനന്തപുരം: എന്‍.ജി.ഒ അസോസിയേഷനില്‍ ബി ജെ പി ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെ സംഘടനയുടെ സംസ്ഥാന നേതാവിനെതിരെ നടപടിയെടുത്ത് തിരുവനന്തപുരം ഡി.സി.സി. തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പില്‍ നെട്ടയം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതാവ് രാജശേഖരനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. വട്ടിയൂര്‍ക്കാവ് ബ്‌ളോക്ക് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി കൊണ്ടാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷന്‍ നടപടി എടുത്തത്.
യു.ഡി.എഫിന് വേണ്ടി രാജശേഖരന്‍ ഒരു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും നടത്തിയില്ലെന്നും രഹസ്യമായും പരസ്യമായും ബി.ജെ.പിക്ക് വോട്ട് മറിച്ചു നല്‍കാന്‍ മുന്നില്‍ നിന്നെന്നും ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മിറ്റി പരാതിയിലെ ആരോപണം ഗൗരവതരമാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രാജശേഖരന്‍ അടക്കമുളളവരെ പുറത്താക്കിയത്.
2023 മെയ് മാസം വരെ സര്‍ക്കാര്‍ സര്‍വീസില്‍ ഉളള രാജശേഖരന്‍ പ്രമുഖ സര്‍വീസ് സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്റെ സംസ്ഥാന വൈസ്. പ്രസിഡന്റാണ്. സര്‍ക്കാര്‍ ജീവനക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ ഇയാള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ബ്‌ളോക്ക് സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇയാള്‍ ജോലി ചെയ്യുന്ന ജലസേചന വകുപ്പിന് കിട്ടിയിട്ടുണ്ടെങ്കിലും ഒരു നടപടിയും വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
എന്‍.ജി.ഒ അസോസിയേഷന്‍ നേതൃത്വം അടുത്ത കാലത്തായി സംഘടനയില്‍ കടന്ന് കൂടിയ ആര്‍.എസ്.എസ് ഫ്രാക്ഷന്‍റെ പിടിയിലാണ് എന്ന ആക്ഷേപം സംസ്ഥാന തലത്തില്‍ വ്യാപകമാണ്. 2020 നവംബര്‍ മാസം നടന്ന ദേശീയ പണിമുടക്കില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം പോലും മറികടന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പങ്കെടുക്കേണ്ടതില്ല എന്ന സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനം നേതൃത്വത്തിന്റെ ബി.ജെ.പി ചായ്വിന് ഉദാഹരമാണെന്ന് അന്നേ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു.
രാജശേഖരന്‍ അടക്കമുള്ളവര്‍ എന്‍.ജി.ഒ അസോസിയേഷനില്‍ ആര്‍.എസ്.എസ് ഫ്രാക്ഷന് നേതൃത്വം കൊടുക്കുന്നു എന്നതിന് തെളിവായി ഒരു വിഭാഗം ഈ നടപടി ഉയര്‍ത്തിക്കാട്ടുന്നു. നെട്ടയം വാര്‍ഡില്‍ രാജശേഖരന് സ്വാധീനമുളള കുടുംബങ്ങളുടെ യോഗം വിളിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കിട്ടിയ വിവരം അവര്‍ അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നു. ഡി.സി.സി പ്രസിഡന്റിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.