പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ കോൺഗ്രസും പോഷകസംഘടനകളും നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് പറഞ്ഞു. സി.ബി.ഐ അന്വേഷണം എന്ന കുടുംബത്തിന്റേയും പൊതു സമൂഹത്തിന്റേയി ആവശ്യം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കേരളാ പ്രദേശ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച സായാഹ്‌ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം നവീൻ ബാബു ജീവിച്ചിരുന്നാൽ സി.പി.എം നേതാക്കളുടെ ഭൂമി തട്ടിപ്പും ബിനാമി ഇടപാടുകളും വെളിച്ചത്ത് ആകും എന്ന ഭയപ്പാടിൽ പി.പി. ദിവ്യ ഉൾപ്പെടെയുള്ള നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് നവീന്റെ ദുരൂഹ മരണമെന്ന് കെ.പി.സി.സി സെക്രട്ടറി പറഞ്ഞു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസ് പാർട്ടി എല്ലാ പിൻതുണയും നല്ക്കുമെന്ന് എൻ. ഷൈലജ് പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ. സിറാജുദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഭാരവാഹികളായ എലിസബത്ത് അബു, എം.എസ് പ്രകാശ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട്, മലയാലപ്പുഴ വിശ്വംഭരൻ, സി.വി ശാന്തകുമാർ, പി.അനിൽ, പ്രമോദ് താന്നിമൂട്ടിൽ, സലിം പെരുനാട്, മീരാൻ വടക്കുപുറം, സിനി ലാൽ ആലുനില്ക്കുന്നതിൽ, രാധാമണി എന്നിവർ പ്രസംഗിച്ചു.